സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു
സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു.
കടൽ തീരത്തെ പാറക്കെട്ടിൽ ഫോട്ടോ എടുക്കാൻ കയറിയപ്പോഴാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം.മൂന്ന് യുവതികൾ ഒഴുക്കിൽപ്പെട്ടതായി പൊലീസ് -ഫയർഫോഴ്സ് സംഘത്തിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്നുപേരെയും കടലിൽ കണ്ടെത്തുന്നത്. ഇരുവരും അപ്പോഴേക്കും പൂർണമായും അബോധാവസ്ഥയിലായിരുന്നു.കരക്കെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാറക്കെട്ടിൽ പിടിച്ച് കിടക്കാൻ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാൾക്ക് ജീവൻ തിരിച്ചു കിട്ടിയതെന്നാണ് റിപ്പോർട്ട്. ഖബറടക്കം സിഡ്നിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പരേതനായ സൗദി മുൻ കെ.എം.സി.സി നേതാവായിരുന്ന സി ഹാഷിമിന്റെയും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ ഫിറോസ ഹാഷിമിൻ്റെയും മകളാണ് മർവ. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിങ്ഷനോടെ മാസ്റ്റർ ഓഫ് സസ്ടൈനബിലിറ്റിയിൽ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയിരുന്നു.ഹംദാന്‍, സല്‍മാന്‍, വഫ എന്നിവരാണ് മർവയുടെ മക്കൾ.സഹോദരങ്ങള്‍: നൂറുല്‍ ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ഹാദി (ബിടെക് വിദ്യാര്‍ഥി). എ.എസ്. റഹ്മാനും ലൈലയുമാണ് നരെഷയുടെ മാതാപിതാക്കൾ. മക്കൾ: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്.സഹോദരങ്ങൾ: ജുഗൽ, റോഷ്‌ന.