യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് : ലേബർ പാർട്ടിക്ക് തുടർജയം, ഭൂരിപക്ഷം കുറഞ്ഞു
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് തുടര്‍ ജയം. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടുകളോടെയാണ്
ലേബര്‍ പാര്‍ട്ടി ജയം ആവര്‍ത്തിച്ചത്. ഇപി പ്രസിഡന്റ് മെറ്റ്‌സോള, ഡേവിഡ് കാസ, പീറ്റര്‍ അജിയസ് എന്നിവരെ പിഎന്നിനായി തിരഞ്ഞെടുത്തപ്പോള്‍
അലക്‌സ് അജിയസ് സലിബ, ഡാനിയല്‍ അറ്റാര്‍ഡ്, തോമസ് ബജാഡ എന്നിവര്‍ ലേബറിനെ എംഇപിമാരായി പ്രതിനിധീകരിക്കും.
8,454 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇത്തവണത്തെ ജയം എന്നതാണ് ലേബര്‍ ക്യാമ്പിനെ അമ്പരപ്പിക്കുന്നത്. അതായത്, മാള്‍ട്ടയിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം മൂന്ന് ശതമാനമായി കുറഞ്ഞു. 2019ല്‍, ലേബര്‍ യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ PNനേക്കാള്‍ 42,600 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയും 2022ലെ പൊതുതെരഞ്ഞെടുപ്പില്‍ 39,400 ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. 2004ല്‍ 21,000 വോട്ടുകള്‍ക്ക് വിജയിച്ചതായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും കുറഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം. അതാണ്
ഇക്കുറി 8,454 വോട്ടുകള്‍ എന്ന നിലയിലേക്ക് മാറ്റിയെഴുതപ്പെട്ടത്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍, ആദ്യം 27,000 എന്ന തോതില്‍ വ്യത്യാസം പ്രവചിക്കപ്പെട്ടിരുന്നു, വോട്ടെണ്ണല്‍ പുരോഗമിക്കവേ, ഈ കണക്ക് 10,000 ആയി കുറഞ്ഞു, ഒടുവില്‍ 8,454 വോട്ടുകളായി.ലേബര്‍ 117,805 വോട്ടുകള്‍ നേടിയപ്പോള്‍ ദേശീയവാദികള്‍ക്ക് 109,351 വോട്ടുകള്‍ ലഭിച്ചു.സര്‍വേകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി അര്‍നോള്‍ഡ് കസോല ശനിയാഴ്ച നടന്ന ഒന്നാം മുന്‍ഗണനാ വോട്ടുകളില്‍ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും തിരഞ്ഞെടുക്കപ്പെടാതെ പോയി. 2008 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ലേബറിന്റെ ജനപിന്തുണ 50% ത്തില്‍ താഴെയായി.കുറഞ്ഞ ഭൂരിപക്ഷം വ്യക്തമായതോടെ, താന്‍ ഒരു വിജയം ആഘോഷിക്കുന്നില്ലെന്നും ജനങ്ങളുടെ സന്ദേശം ശ്രദ്ധിക്കുമെന്നും പ്രധാനമന്ത്രി റോബര്‍ട്ട് അബേല പറഞ്ഞു.