എഡിജിപി ക്യാമ്പ് ചെയ്യുന്നു,വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ADGP വടകരയിൽ ക്യാമ്പ് ചെയ്യും. സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ക്രമസമാധാനച്ചുമതലയുള്ള ADGP വടകരയിൽ എത്തും. രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷ മുന്നറിയിപ്പ് നൽകിയത്. ഡിജിപി വിളിച്ച യോഗത്തിലാണ് എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചത്. ADGP നിലവിൽ കോഴിക്കോട് ക്യാമ്പ് ചെയ്യുകയാണ്.
വടകരയിൽ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കഴിഞ്ഞാലും സേനയെ പിൻവലിക്കരുതെന്ന് നിർദേശമുണ്ട്.വടകരയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിംഗ് നേരത്തെ അറിയിച്ചിരുന്നു. ആഹ്ളാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്നും നിർദേശം. ഇന്ന് വൈകിട്ട് മുതൽ നാളെ വൈകിട്ട് വരെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
1600 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. 6 കമ്പനി ബറ്റാലിയനും 6 സ്ട്രൈക്കിങ്ങ് ഫോഴ്സുകളും 66 മൊബൈൽ പെട്രോൾ യൂനിറ്റുകളുമുണ്ടാകും ക്യു ആർ ടീം ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നാദാപുരം, കുറ്റ്യാടി , പേരാമ്പ്ര മണ്ഡലങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കും. ഇന്നലെ നാദാപുരത്തും കല്ലാച്ചിയിലും പോലീസ് റൂട്ട് മാർച്ച് നടത്തി. വോട്ടെണ്ണലിന് ശേഷം ഏഴ് മണി വരെ മാത്രമേ ആഹ്ലാദപ്രകടനം അനുവദിക്കൂ