കേരളം

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാബിൻ ക്രൂവിന് മർദ്ദനം : മലയാളി യുവാവ് മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാബിൻ ക്രൂവിനെ മർദിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവ് മുംബൈയിൽ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി അബ്ദുൽ മുസവ്വിർ നടുക്കണ്ടി (25)യെ ആണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എൻ‍‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പരാക്രമത്തെ തുടർന്ന് വിമാനം മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷമാണ് അബ്ദുൽ മുസവ്വിറിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവമെന്ന് സാഹർ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.കോഴിക്കോട് നിന്നും കയറിയ ഇയാൾ ഇടയ്ക്കു വച്ച് ഉറക്കമുണർന്നയുടൻ വിമാനത്തിൻ്റെ പുറകുവശത്തേക്ക് പോയി ക്യാബിൻ ക്രൂവിനെ മർദിക്കുകയും വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ ക്യാബിൻ ക്രൂ അം​ഗങ്ങൾ ഇയാളെ പിടിച്ച് സീറ്റിലിരുത്തി. എന്നാൽ ക്രൂ അം​ഗങ്ങളെ അസഭ്യം പറയാൻ തുടങ്ങിയ യുവാവ് അവരെയും മറ്റ് യാത്രക്കാരെയും കൈയേറ്റം ചെയ്യുകയും എമർജൻസി ഡോർ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു- ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.സുരക്ഷാ ഭീഷണി ഉയർന്നതോടെ, പൈലറ്റ് ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവരെത്തി ഇയാളെ പിടികൂടുകയും ചെയ്തു.

സംഭവത്തിൽ, യുവാവിനെതിരെ ഐപിസി 336 (ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തി), 504 (സമാധാന ലംഘനത്തിനുള്ള പ്രകോപനം), 506 (ഭീഷണിപ്പെടുത്തൽ), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകളും എയർക്രാഫ്റ്റ് നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button