“രാഷ്ട്രീയം ഇതുപോലെ വർഗീയവത്കരിച്ച പ്രധാനമന്ത്രിയില്ല”; മോദിയുടേത് പരാജയം ഉറപ്പിച്ചതിന്റെ ദൃഷ്ടാന്തം : എം വി ഗോവിന്ദൻ
തിരുവനന്തപുരം : രാഷ്ട്രീയം ഇതുപോലെ വർഗീയവത്കരിച്ച മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ്
അവസാനഘട്ടമെത്തുമ്പോഴേയ്‌ക്കും മോദി ധ്യാനത്തിലാണ്. താൻ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ് മോദി ഇപ്പോൾ പറയുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്.
ദൈവത്തിന്റെ നേരവകാശി എന്ന പ്രഖ്യാപനം നടത്തി. ഇപ്പോൾ വിവേകാനന്ദ പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചാലും അതിശയമില്ല. രാഷ്ട്രീയം ഇതുപോലെ അധഃപതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങൾ. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്. രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അദ്ദേഹം പച്ചയായ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.