16,638 ജീവനക്കാർ ഇന്നു പടിയിറങ്ങും, വിരമിക്കൽ ആനുകൂല്യം നൽകാൻ വേണ്ടത് 9151 കോടി
തിരുവനന്തപുരം: പൊലീസിലെ 800 പേരടക്കം സംസ്ഥാന സർവീസിലെ 16,638 ജീവനക്കാർ ഇന്നു പടിയിറങ്ങും. ഇതിൽ പകുതിയോളം അദ്ധ്യാപകരാണ്. ആകെ 22,000 പേരാണ് ഈ വർഷം വിരമിക്കുന്നത്. ഒരു മാസം ഇത്രയും പേർ ഒരുമിച്ച് വിരമിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്.
വിദ്യാഭ്യാസ വകുപ്പിൽ 23 ഡി.ഇ.ഒമാരും 8 ഡി.ഡി.ഇമാരും രണ്ട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരും വിരമിക്കും. എട്ട് ചീഫ് എൻജിനിയർമാർ, 17 ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ, 33 എക്സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരടക്കം കെ.എസ്.ഇ.ബിയിൽ 1099 പേർ വിരമിക്കും. പൊലീസിൽ നിന്ന് പടിയിറങ്ങുന്നവരിൽ15 എസ്.പിമാരും 27 ഡിവൈ.എസ്.പിമാരും ഉൾപ്പെടുന്നു. ഗുണ്ടാബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട എം.ജി.സാബുവും വിരമിക്കുന്ന ഡിവൈ.എസ്.പിമാരിലുൾപ്പെടുന്നു. ഇൻസ്പെക്ടർമാർ മുതൽ ഡിവൈ.എസ്.പിമാർ വരെ 87 ഉദ്യോഗസ്ഥർ വിരമിക്കും. പി.എസ്.സിയിൽ അഡിഷണൽ സെക്രട്ടറിമാർ ഉൾപ്പെടെ 48 പേർ വിരമിക്കും. പി.എസ്.സി ആസ്ഥാനത്ത് 22 പേരും ജില്ല ഓഫിസുകളിൽ നിന്നായി 26 പേരുമാണ് വിരമിക്കുക. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം 674 പേർ വിരമിക്കുന്നു. സെക്രട്ടേറിയറ്റ് – 200,തദ്ദേശസ്വയംഭരണം – 300,റവന്യു – 461, ഭക്ഷ്യ പൊതുവിതരണം – 66 എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിൽനിന്നുള്ള പടിയിറക്കം.
ആനുകൂല്യം നൽകാൻ 9151 കോടി
വിരമിക്കൽ ആനുകൂല്യം നൽകാൻ 9151 കോടി രൂപയാണ് വേണ്ടത്. 14 ലക്ഷം മുതൽ ഒന്നേകാൽ കോടി രൂപ വരെയാണ് ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടത്. ആനുകൂല്യം നൽകാനും ഈ മാസത്തെ ശമ്പളത്തിനുമായി 3500 കോടി സർക്കാർ കഴിഞ്ഞ ദിവസം കടമെടുത്തു.