സ്പോർട്സ്

ലോകത്തിന്റെ ശ്രദ്ധ ഇന്ന് ബെർണാബൂവിലേക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനൽ തേടി റയലും ബയേണും നേർക്കുനേർ

മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ്‌ ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് അത്ര എളുപ്പമല്ല കാര്യങ്ങൾ. ആറ് തവണ ജേതാക്കളായ ബയേൺ മ്യൂണിക്കാണ്‌ അപ്പുറത്ത്‌. ആദ്യപാദ സെമിയിൽ ഇരുടീമുകളും 2–-2ന്‌ പിരിഞ്ഞിരുന്നു. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബൂവിൽ ഇന്ന്‌ രാത്രി 12.30നാണ്‌ പോരാട്ടം.

സ്‌പാനിഷ്‌ ലീഗ്‌ ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണ്‌ കാർലോ ആൻസെലോട്ടിയുടെ റയൽ. സ്വന്തംതട്ടകത്തിൽ എന്നും കരുത്തുകാട്ടിയ ചരിത്രമാണവർക്ക്‌. ചാമ്പ്യൻസ്‌ ലീഗിൽ 14 തവണ കിരീടം ഉയർത്തിയതിന്റെ പാരമ്പര്യവും പിൻബലമായുണ്ട്‌. സസ്‌പെൻഷൻ കഴിഞ്ഞ്‌ പ്രതിരോധക്കാരൻ ഡാനി കാർവഹാൽ തിരിച്ചെത്തുന്നതും ഗുണം ചെയ്യും. സംഘടിത പ്രതിരോധത്തിലൂന്നിയാകും കളിക്കുക. അവസരം കിട്ടുമ്പോൾ പ്രത്യാക്രമണം നടത്തുക എന്ന തന്ത്രം വിജയകരമായി ഈ സീസണിൽ പയറ്റിയിട്ടുണ്ട്‌ റയൽ. ബയേണിനെതിരെ ഇതുതന്നെയാകുമെന്ന്‌ ആൻസെലോട്ടി സൂചന നൽകി. ജർമനിയിൽ കിരീടം കൈവിട്ട ബയേണിന്റെ അവസാന പ്രതീക്ഷയാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌. സ്വന്തം ഗ്രൗണ്ടിൽ ആദ്യപാദം റയലിനെതിരെ മികച്ചകളി പുറത്തെടുത്തതിന്റെ ബലം അവർക്കുണ്ട്‌. വിങ്ങർമാരായ ജമാൽ മുസിയാളയും ലിറോയ്‌ സാനെയും എതിരാളിക്ക്‌ അപകടമുണ്ടാക്കി. മുന്നേറ്റത്തിൽ ഹാരി കെയ്‌ൻകൂടി ചേരുന്നതോടെ വീര്യം കൂടും. തോമസ്‌ ടുഷലാണ്‌ പരിശീലകൻ.പരിക്കേറ്റ പ്രതിരോധക്കാരൻ റാഫേൽ ഗുറെയ്‌റോ ഇന്ന്‌ കളിക്കാത്തത് കനത്ത തിരിച്ചടിയാകും.

ഇരു ടീമുകളും പരസ്പ്പരം ഏറ്റുമുട്ടിയപ്പോൾ 12 വിജയവുമായി റയലിന് നേരിയ മുൻ‌തൂക്കം ചരിത്രത്തിലുണ്ട്. ബയേൺ 11 ജയങ്ങളാണ് നേടിയിട്ടുള്ളത്. നാലുകളികൾ സമനിലയിലായി. ഗോളിന്റെ കണക്കുകളിലും ടീമുകൾ ഏതാണ്ട് കട്ടക്ക് കട്ടയാണ്. 43 ഗോളുകൾ റയൽ അടിച്ചപ്പോൾ 41 എണ്ണം ബയേണും അടിച്ചിട്ടുണ്ട് . ലീഗിലെ റയലിന്റെ മികച്ച ഗോൾ വേട്ടക്കാരൻ ക്രിസ്ത്യാനോ റൊണാൾഡോ ആണ്- 105 ഗോളുകൾ. നിലവിലെ ബാഴ്സാ താരമായ ബയേൺ ഗോളടിക്കാരൻ റോബർട്ടോ ലവൻഡോസ്‌കി 69 ഗോളുകളും നേടിയിട്ടുണ്ട്.
എന്നാൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ കണക്കിൽ ഈ താരതമ്യം അപ്രസക്തമാണ്. ബയേൺ ആറെണ്ണം നേടിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച വിജയ ചരിത്രമുള്ള റയൽ 14 കിരീടങ്ങൾ നേടിയിട്ടുണ്ട്. റയൽ നിരയിൽ കളിക്കുന്ന ജർമൻ താരം ടോണി ക്രൂസിന്റെ പേരിനു നേരെയായി അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉണ്ടെന്നത് അറിയുമ്പോഴാണ് ഒരു ക്ലബ്ബിനെക്കാൾ മികച്ച കിരീട നേട്ടം റയലിലെ ഒരു സീനിയർ താരത്തിനുണ്ട് എന്ന് വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button