ഒരു കാലത്തെ മാലിന്യക്കൂമ്പാരം , ഇനി മനോഹരമായ തുറന്ന വേദി
മാലിന്യക്കൂമ്പാരമായിരുന്ന പൊതുവിടത്തെ തുറന്ന വേദിയാക്കി മാറ്റി മാള്‍ട്ടീസ് സര്‍ക്കാര്‍. താ’ഖാലി നാഷണല്‍ പാര്‍ക്കിലാണ് 16 മില്യണ്‍ യൂറോ ചെലവില്‍ കച്ചേരി അടക്കമുള്ള പൊതുപരിപാടികള്‍ക്കുള്ള തുറന്ന വേദി സര്‍ക്കാര്‍ ഒരുക്കിയത്. മുന്‍പ്
കോണ്‍ക്രീറ്റ് ഫാക്ടറിയും അനധികൃത മാലിന്യ ക്കൂമ്പാരവുമായിരുന്നു ഈ ഇടം. പ്രധാനമന്ത്രി റോബര്‍ട്ട് അബെല ഇന്നലെ താ’ഖാലി നാഷണല്‍ പാര്‍ക്കില്‍ ഒരു പുതിയ പൊതുവിടം ഉദ്ഘാടനം ചെയ്തു.
2019 ലാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. ഒരു വര്‍ഷത്തിനു ശേഷം പൊതുകരാര്‍ നല്കി നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഈ വര്‍ഷാവസാനം രണ്ട് ടേക്ക് ദാറ്റ് കച്ചേരികള്‍ക്ക് വേദി ആതിഥേയത്വം വഹിക്കും. കുടുംബങ്ങള്‍ക്ക് കൂടുതല്‍ ഹരിതവും തുറസ്സായതുമായ ഇടങ്ങള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഈ വേദിയെന്ന് റോബര്‍ട്ട് അബെല പറഞ്ഞു. ‘ഒരു പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇന്ന് ഇവിടെ എളുപ്പത്തില്‍ വരാമായിരുന്നു, എന്നാല്‍ സാമ്പത്തിക മേഖലയില്‍ നിക്ഷേപം പ്രധാനമാണെങ്കിലും, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഇതുപോലുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഒരുപോലെ പ്രധാനമാണ്,’ അബെല പറഞ്ഞു.