ബ്രിട്ടനിൽ ഇന്ന് പ്രാദേശിക തെരഞ്ഞെടുപ്പ്, ശ്രദ്ധാകേന്ദ്രമാകുന്നത് ലണ്ടൻ മേയർ ഇലക്ഷൻ
സ്കോട്ട്ലൻഡിലും നോർതേൺ അയർലൻഡിലും ഇപ്പോൾ തെരഞ്ഞെടുപ്പില്ല.
പ്രാദേശിക തെരഞ്ഞെടുപ്പിൽ ഏറെ വാർത്താപ്രാധാന്യം നേടുന്നത് ലണ്ടൻ മേയറുടെ തെരഞ്ഞെടുപ്പാണ്. മൂന്നാം വട്ടവും സാദിഖ് ഖാൻ തന്നെ മേയറാകുമോ എന്നറിയാനാണ് ഏവരുടെയും ആകാംഷ. ലണ്ടനു പുറമെ മറ്റ് പത്ത് പ്രധാന നഗരങ്ങളുടെ മേയർമാരെയും ഇന്ന് ജനം തെരഞ്ഞെടുക്കും. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ പാർലമന്റ് ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരെയാണ് ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. സ്കോട്ട്ലൻഡിലും നോർതേൺ അയർലൻഡിലും ഇപ്പോൾ തെരഞ്ഞെടുപ്പില്ല.
ബ്രിട്ടനിൽ കൂടുതൽ ആളുകളും പോസ്റ്റൽ വോട്ടുകളാണ് ചെയ്യുന്നത്. ടൗൺ പാരിഷ് കൗൺസിൽ, ഡിസ്ട്രിക്ട് കൗൺസിൽ, കൗണ്ടി കൗൺസിൽ, യൂണിറ്ററി അതോറിറ്റി എന്നിങ്ങനെ വിവിധ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ 989 സീറ്റുകൾ നേടിയ കൺസർവേറ്റീവ് പാർട്ടിക്കായിരുന്നു നേട്ടം. ലേബറിന് ലഭിച്ചത് 973 സീറ്റുകളാണ്. ലിബറൽ ഡെമോക്രാറ്റ്- 418, സ്വതന്ത്രർ-135, ഗ്രീൻ പാർട്ടി-107, റസിഡന്റ്സ് അസോസിയേഷനുകൾ -37 എന്നിങ്ങനെയായിരുന്നു മറ്റ് സീറ്റു നില.