വ്യാജരേഖ കുറ്റത്തിന് ജയിലിൽ പോയ ഇന്ത്യൻ പൗരൻ സായ്തേജക്ക് ആശ്വാസവുമായി മാൾട്ട ഐഡന്റിറ്റി
വ്യാജരേഖ ചമച്ചുവെന്ന കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്ന ഇന്ത്യക്കാരന് മാള്‍ട്ടാ ഐഡന്റിറ്റിയുടെ സമാശ്വാസം. സിംഗിള്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ ഒറ്റത്തവണ ഇളവ് നല്‍കിയാണ് മാള്‍ട്ട ഇന്ത്യക്കാരനായ ദാസരി സായ്തേജയോട് കാരുണ്യം കാട്ടിയത്. അന്പതുദിവസം ജയിലില്‍ കഴിയേണ്ടി വന്ന സായ്തേജ പ്രിവന്റീവ് കസ്റ്റഡിയില്‍ തുടരുമ്പോഴാണ് ഫെബ്രുവരിയില്‍ സായ്തേജയുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായത്. വിസ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് സായ്തേജക്ക് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷക്കുള്ള അനുമതിയായത്.
സായ്തേജയുടെ നിലവിലെ സ്ഥിതി അടക്കമുള്ളവ കട്ടി അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് മാള്‍ട്ട ഐഡന്റിറ്റി ആശ്വാസ നടപടി പ്രഖ്യാപിച്ചത്. മാധ്യമ റിപ്പോര്‍ട്ടുകളും ആക്ടിവിസ്റ്റ് പട്രീഷ്യ ഗ്രഹാമിന്റെ അപ്പീലുകളും പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ സായ്തേജക്ക് പത്തുദിവസത്തെ ഇളവ് നല്‍കിയത്. ഇമിഗ്രെഷന്‍ വ്യാജരേഖ ചമച്ചതിന് ഏജന്റാണ് ഉത്തരവാദിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സായ്തേജയെയും മറ്റൊരു ഇന്ത്യന്‍ പൗരനായ ശിവയേയും മാര്‍ച്ചില്‍ വെറുതെ വിട്ടിരുന്നു. ജയിലില്‍ കിടന്നിരുന്ന സമയത്താണ്, സായ്തേജയുടെ തൊഴിലുടമയായ ക്യുകെ സര്‍വീസസ്, ‘ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍’ ഇന്ത്യന്‍ പൗരനെ പുറത്താക്കിയത് .