‘കുടുംബത്തിന്റെ മതം’ പോര , ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന് കേന്ദ്രം
ന്യൂഡൽഹി : ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ ‘കുടുംബത്തിന്റെ മതം’ ആണ് രേഖപ്പെടുത്തുന്നത്. എന്നാൽ, കഴിഞ്ഞവർഷം പാർലമെന്റിൽ പാസാക്കിയ ജനന-മരണ രജിസ്ട്രേഷൻ നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ രക്ഷിതാക്കളുടെ മതം വെവ്വേറെ രേഖപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നു. ചട്ടങ്ങൾ സംസ്ഥാനങ്ങൾ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.
നിർദിഷ്ട ‘ഫോം നമ്പർ 1–-ബേർത്ത് റിപ്പോർട്ടി’ലാണ് ‘അച്ഛന്റെ മതം’, ‘അമ്മയുടെ മതം’ എന്നിവ രേഖപ്പെടുത്തേണ്ടത്. ദത്തെടുക്കുമ്പോഴും ഇതു പാലിക്കണം. ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ കേന്ദ്രസർക്കാർതലത്തിൽ സൂക്ഷിക്കാനും ദേശീയ പോപ്പുലേഷൻ രജിസ്റ്ററി (എൻപിആർ)ൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താനും നിയമഭേദഗതി വരുത്തി. ഒക്ടോബർ 11നാണ് നിയമം നിലവിൽവന്നത്.എല്ലാ ജനനമരണങ്ങളും കേന്ദ്രസർക്കാർ പോർട്ടലില് രജിസ്റ്റർ ചെയ്യണം.
ജനന രജിസ്ട്രേഷന് രണ്ട് ഭാഗങ്ങളുണ്ട്; നിയമപരവും സ്ഥിതിവിവരകണക്കിനുള്ളതും. മാതാപിതാക്കളുടെ മതം സ്ഥിതിവിവരകണക്കിനായി ഉപയോഗിക്കുമെന്ന് കേന്ദ്രം പറയുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ഇലക്ടറൽ റോൾസ്, ആധാർ നന്പർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സ്വത്ത് രജിസ്ട്രേഷൻ തുടങ്ങിയ രേഖകൾ അപ്ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും. ജനന രജിസ്ട്രേഷനിലെ നിയമപരമായ ഭാഗം ആധാർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കും.
ജനനം, മരണം, ദത്തെടുക്കൽ, ഗർഭാവസ്ഥയിലോ പ്രസവത്തിന്റെ സമയത്തോ ഉള്ള കുട്ടിയുടെ മരണം, മരണകാരണത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള ഫോമുകൾക്കു പകരം കരട് നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നിർദേശിച്ചു. മരണകാരണത്തിനുള്ള സർട്ടിഫിക്കറ്റിൽ ഇനിമുതൽ മരണകാരണം കൂടാതെ രോഗം വന്നാണു മരിച്ചതെങ്കിൽ രോഗത്തിന്റെ ചരിത്രവും ഉൾപ്പെടുത്തണം.