മാൾട്ടയിലെത്തുന്ന പ്രവാസികൾ ഒരു വർഷംകൊണ്ടുതന്നെ രാജ്യം വിടുന്നതിന്റെ കാരണങ്ങൾ
മാള്‍ട്ടയിലെത്തുന്ന വിദേശ തൊഴിലാളികള്‍ ഭൂരിപക്ഷവും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മടങ്ങുന്നതായി രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ കെപിഎംജിയുടെ റിപ്പോര്‍ട്ട്. ഉയര്‍ന്ന വാടക അടക്കമുള്ള കാര്യങ്ങള്‍ തൊഴിലാളികളുടെ രാജ്യം വിടലിന് കാരണമാകുന്നതായാണ് കെപിഎംജി കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ തന്നെ തൊഴിലാളികളുടെ വൈദഗ്ധ്യ പരീശീലനം അടക്കമുള്ള കാര്യങ്ങള്‍ മാള്‍ട്ടയിലെ തൊഴില്‍ ഉടമകള്‍ക്ക് പലപ്പോഴും പാഴ്‌ചെലവ് സൃഷ്ടിക്കുന്നതായും കെപിഎംജി കണ്ടെത്തി.
വിദേശ തൊഴിലാളികളുടെ കാര്യത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ :
ഉയര്‍ന്ന ജോലി മാറ്റ നിരക്ക് :
വിദേശ തൊഴിലാളികളില്‍ പകുതിയും മാള്‍ട്ടയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടുന്നു. ഇത് തൊഴില്‍ ദാതാക്കള്‍ക്ക് പരിശീലനത്തില്‍ നിക്ഷേപം നടത്തുന്നത് പ്രയോജനരഹിതമാക്കുകയും തൊഴില്‍ സ്ഥിരതയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
രാജ്യം വിടുന്നതിനുള്ള കാരണങ്ങള്‍:
ഉയര്‍ന്ന വാടകയാണ് പ്രധാന കാരണം. പ്രത്യേകിച്ചും അണ്‍ സ്‌കില്‍ഡ് ലേബര്‍മാരില്‍ ഉയര്‍ന്ന വാടകയും അതുമൂലമുണ്ടാകുന്ന ഉയര്‍ന്ന ജീവിത ചെലവുകളും അവരെ മറ്റൊരു രാജ്യം തേടാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ചേംബര്‍ ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് സി.ഇ.ഒ അഭിഗല്‍ ജിയാസ് മാമോ വെളിവാക്കുന്നു.
മാള്‍ട്ട ഇതര രാജ്യങ്ങളില്‍ നഗരത്തിനു പുറത്താണ് കുറഞ്ഞ വേതനമുള്ള തൊഴിലാളികള്‍ താമസിക്കുന്നത്. മാള്‍ട്ടയിലെ വാടക നിരക്ക് എല്ലായിടത്തും ഏറെക്കുറെ സമാനമാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ വാടകയുള്ള സ്ഥലം തേടാനുള്ള പരിമിതികളും ഉണ്ട്.
പരിമിതമായ വേതന വര്‍ധനവ്: വാടകക്കും വാടക വര്ധനക്കും തുല്യമായ വേതന വര്‍ധന ഉണ്ടാകുന്നില്ല
യൂറോപ്യന്‍ യൂണിയന്‍ തൊഴില്‍ വിസ: യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ തേടുന്നതിന് തടസമില്ല. അതുകൊണ്ടു തന്നെ ഉയര്‍ന്ന വേതനമുള്ള രാജ്യങ്ങളിലേക്ക് ചേക്കാറാനുള്ള ഒരു ചവിട്ടുപടിയായി മാള്‍ട്ട വിസ തൊഴിലാളികള്‍ കാണുന്നു.
സര്‍ക്കാര്‍ പരിശ്രമങ്ങള്‍:
സ്‌കില്‍ കാര്‍ഡ് പരിപാടി: കൂടുതല്‍ കഴിവുള്ള തൊഴിലാളികളെ ദീര്‍ഘകാല വിസയും മെച്ചപ്പെട്ട വേതനവും നല്‍കി ആകര്‍ഷിക്കാന്‍ സ്‌കില്‍ കാര്‍ഡുകള്‍ നിലവില്‍ വന്നാല്‍ കഴിയും. മൂന്നുവര്‍ഷത്തെ വിസ ലഭ്യമാക്കുന്ന നയം വന്നാല്‍ തൊഴില്‍ വൈദഗ്ദ്യം നേടാനും ആ ജോലിയില്‍ തുടരാനും അത് പ്രേരകമാകും.
സാമ്പത്തിക വളര്‍ച്ചയും ജോലി ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തൊഴില്‍ വിപണി നയങ്ങളും കാരണം മാള്‍ട്ടയിലെ തൊഴില്‍ ശക്തി ഗണ്യമായി വളര്‍ന്നു. 2023 ന്റെ മൂന്നാം പാദത്തിലെ കണക്കില്‍ മാള്‍ട്ടയിലെ തൊഴിലാളികളുടെ എണ്ണം 301,441ആണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.9 ശതമാനം കൂടുതലാണ്. ഇതില്‍ ഒരു ലക്ഷത്തോളമാണ് വിദേശ തൊഴിലാളികളുടെ എണ്ണം. 2014 നു ശേഷമാണ് മാള്‍ട്ടയിലെ തൊഴില്‍ കൂടുതല്‍ ആകര്ഷണീയമായത്. തൊഴിലില്ലായ്മ നിരക്ക് 2.9 ശതമാനത്തില്‍ നിന്നും 2.5 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.