മാൾട്ടയിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയിൽ മെയ് മുതൽ സ്കിൽ പാസ് നിർബന്ധം
യൂറോപ്യൻ യൂണിയൻ ഇതര തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ സ്കിൽ പാസ് നിർബന്ധമാക്കുന്നത്
മാള്‍ട്ടയിലെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലിയെടുക്കുന്ന യൂറോപ്യന്‍ യൂണിയന് ഇതര തൊഴിലാളികള്‍ക്ക് സ്കില്‍ പാസ് നിര്‍ബന്ധമാക്കി. മെയ് മുതലാണ് ഈ പാസ് നിര്ബ്ബന്ധമാകുക. 475 യൂറോയാണ് ഇതിനുള്ള ഫീസ്. കഴിഞ്ഞ ജനുവരിയില്‍ തന്നെ സ്കില്‍ പാസ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും മാള്‍ട്ട ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം സമയം നീട്ടി നല്‍കുകയായിരുന്നു. ഐഡന്റിഷ്യ , മാള്‍ട്ട ടൂറിസം അതോറിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം നടത്തുക.
ഏപ്രില്‍ 8 മുതല്‍ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്യം, കസ്റ്റമര്‍ കെയര്‍, അതിഥി സല്‍ക്കാരം എന്നിങ്ങനെ വിഭാഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്സ് ആരംഭിക്കും. യൂറോപ്യന്‍ ഇതര തൊഴിലാളികള്‍ക്ക് കോഴ്സ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന റയാനും ക്ലാരയുമാണ് കോഴ്സ് നടത്തുക. ഹോട്ടലുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, കിച്ചന് സ്റ്റാഫുകള്‍,ഹൗസ് കീപ്പിംഗ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫുകള്‍ ഇവര്‍ക്കെല്ലാം ഇത് ആവശ്യമായി വരും.സ്കില്‍ പാസ് വിതരണം തുടങ്ങുന്നതിനു മുന്‍പായി മെയ് ആറു മുതല്ക്കേ ഓണ്‍ലൈന്‍ വെരിഫിക്കേഷന് ഇന്റര്‍വ്യൂകള്‍ നടത്തും . ഒരു വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനായി സ്കില്‍ പാസിന് പുറമെ, ജോബ് പ്ലസ് , പോലീസ് അപ്രൂവലും ഇനി ആവശ്യമായി വരും.
നിലവിലെ തൊഴിലാളികള്‍ക്കുള്ള കോഴ്സ് , അസസ്മെന്റ് കാര്യങ്ങള്‍ക്കായി മാള്‍ട്ട എന്റര്‍പ്രൈസ് ഏപ്രില്‍ മുതല്‍ ടാക്സ് ക്രെഡിറ്റ് സ്കീം ആരംഭിക്കും.2025 ജനുവരി മുതല്‍ ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാവര്ക്കും വിസ പുതുക്കാനായി സ്കില്‍ പാസ് നിബന്ധമാക്കും. 2026 ജനുവരി മുതല്‍ മാള്‍ട്ടീസ് യൂറോപ്യന്‍ യൂണിയന് തൊഴിലാളികള്‍ക്കും സ്കില്‍ പാസ് നിബന്ധമാക്കും. അതിനായി പ്രത്യേക വെരിഫിക്കേഷന് നടത്താനാണ് പദ്ധതി. യൂറോപ്യന്‍ യൂണിയന് അംഗീകൃത ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പിനായി സൗജന്യ സ്റ്റുഡന്റ് പാസുകള്‍ നല്‍കും.
മാള്‍ട്ടയില്‍ ഉന്നത നിലവാരമുള്ള തൊഴിലാളികളെ ഉറപ്പാക്കുകയും അതിലൂടെ ടൂറിസം മേഖലയുടെ കാര്യപ്രാപ്തി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മാള്‍ട്ട ആഭ്യന്തര മന്ത്രി ബ്രയാന്‍ കാമില്ലേരി പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ മാള്‍ട്ട ടൂറിസം മേഖല പരിപൂര്‍ണമായും ഉന്നത നിലവാരത്തിലേക്ക് ഉയരുമെന്നാണ് ടൂറിസം മന്ത്രി ക്ലെയ്റ്റന്‍ ബര്ട്ടോലു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്.