ദേശീയം

ഇലക്ടറൽ ബോണ്ട്: 26 ദിവസം കഴിഞ്ഞിട്ടും വിവരങ്ങൾ നൽകാനാകുന്നില്ലേ ? എസ്ബിഐയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ സമയം ആവശ്യപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് സുപീംകോടതി. വിവരങ്ങള്‍ നല്‍കാന്‍ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു. 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എസ്ബിഐയെ രൂക്ഷമായി വിമർശിച്ചത് .

തിരഞ്ഞെടുപ്പു കടപ്പത്രം വഴി സംഭാവന നൽകിയവരുടെ വിവരങ്ങൾ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേയെന്നു കോടതി ചോദിച്ചു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവരോട് ഉടന്‍ തന്നെ അതു വെളിപ്പെടുത്താന്‍ കോടതി നിര്‍ദേശിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി ഭേദഗതി ചെയ്യാന്‍ അസി. ജനറല്‍ മാനേജരാണോ സത്യവാങ്മൂലം നല്‍കുന്നതെന്നും കോടതി ചോദിച്ചു.

ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും  പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി  ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്. ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹർജിയിൽ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു.  സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യരേഖയായി നൽകിയത് പരസ്യപ്പെടുത്താൻ നിർദേശം നൽകാമെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു. ബോണ്ടുകളെക്കുറിച്ചുള്ള വിവരം കോടതി പരിശോധിക്കുകയാണ്.

തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6നു മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനും ഇതു കമ്മിഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിശദാംശങ്ങൾ നൽകാൻ ജൂൺ–30 വരെ സമയം നീട്ടിനൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കടപ്പത്ര (ഇലക്ടറൽ ബോണ്ട്) പദ്ധതി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതി എസ്ബിഐയ്ക്ക് നിർദേശം നൽകിയത്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ വിതരണം ചെയ്തുവെന്ന് എസ്ബിഐ അപേക്ഷയിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ ക്രോഡീകരിക്കാൻ കോടതി നിശ്ചയിച്ചു നൽകിയ മൂന്നാഴ്ച മതിയാകില്ലെന്നും അറിയിച്ചു. പാർട്ടികളുടെ കൈവശമുള്ളതും മാറിയെടുക്കാത്തതുമായ കടപ്പത്രങ്ങൾ ബാങ്കിന് മടക്കി നൽകണമെന്നും കടപ്പത്രം വാങ്ങിയ ആളിന് ബാങ്കുകൾ പണം മടക്കി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button