ദേവസ്വം ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.എസ്.സി മോഡൽ സംവരണം , തീരുമാനം പ്രഖ്യാപിച്ച് കേരളസർക്കാർ
മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കി സര്‍ക്കാര്‍. പി എസ് സി രീതിയില്‍ നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും.
ദേവസ്വം ബോര്‍ഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് സംവരണം നടപ്പാക്കുക. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ ചട്ടം രൂപീകരിച്ചാണ് സംവരണം നടപ്പാക്കേണ്ടത്. ഫെബ്രുവരി 22 ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കി തീരുമാനം നടപ്പാക്കാൻ ദേവസ്വം ബോർഡുകളെ ചുമതലപ്പെടുത്തി ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം ഉത്തരവിറക്കി.
ബോര്‍ഡ് സ്ഥാപനങ്ങള്‍ക്കുകീഴിലെ നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിട്ടപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ദേവസ്വം ബോര്‍ഡുകളുടെ തന്നെ ചുമതലയില്‍ നിലനിര്‍ത്തുകയായിരുന്നു. ഇത്തരം നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദ്യോഗ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനുകൂല തീരുമാനമെടുക്കാത്തതിനാല്‍ കേസ് നീണ്ടുപോകുകയായിരുന്നു.
.