മാൾട്ടയിൽ തൊഴിൽ വിസാ നിയമം കർക്കശമാകുന്നു,മാൾട്ട ഹോട്ടൽ-റെസ്റ്റോറെന്റ് മേഖലയിലെ യൂറോപ്യൻ ഇതര തൊഴിലാളികൾക്ക് സ്കിൽ കാർഡ് വരുന്നു
മാൾട്ടയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ
യൂറോപ്യൻ ഇതര തൊഴിലാളികൾക്ക് സ്കിൽ കാർഡ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഹോട്ടൽ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നീ വിഭാഗങ്ങളിൽ വരുന്ന തൊഴിലാളികൾക്കാണ് 2024 മുതൽ സ്കിൽ കാർഡ് ഏർപ്പെടുത്താൻ ടൂറിസം മന്ത്രാലയം നീക്കം നടത്തുന്നത്. മൂന്നാഴ്ച പൊതു അഭിപ്രായം തേടിയ ശേഷമാകും ഇക്കാര്യത്തിൽ സർക്കാർ നടപടി എടുക്കുക.
2024 ജനുവരി മുതൽ മാൾട്ട ടൂറിസം സെക്ടറിൽ ജോലിക്ക് അപേക്ഷിക്കുന്ന യൂറോപ്യൻ യൂണിയന് പുറത്തുള്ള പൗരന്മാർ സ്കിൽ കാർഡ് അസ്സസ്മെന്റ് പാസാക്കേണ്ടി വരും. എങ്കിൽ മാത്രമാണ് അവരുടെ വിസ, വർക്ക് പെർമിറ്റ് അപേക്ഷകൾ പാസാകൂ. നിലവിൽ ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവർക്കും ഈ നയം ബാധകമാകും. 2024 ഒക്ടോബർ മുതൽ വർക്ക് പെർമിറ്റ് പാസാക്കാൻ ടെസ്റ്റ് പാസായ സർട്ടിഫിക്കറ്റ് വേണ്ടി വരും. കിച്ചൻ സ്റ്റാഫ്, ഹൗസ് കീപ്പിംഗ്, ഫ്രണ്ട് ഓഫീസ് മേഖലകളിലെ തൊഴിലാളികൾക്കും ഈ നയം ബാധകമാണ്.
പരിശീലന കോഴ്സിനും അസ്സ്‌മെന്റിനുമായി തൊഴിൽ അന്വേഷകർ നാട്ടിൽ നിന്നേ 450 യൂറോ സർക്കാരിൽ അടക്കേണ്ടി വരും. മാൾട്ടയിൽ എത്തിയ ശേഷമുള്ള ടെസ്റ്റിനായി 125 യൂറോയും അധികമായി കാണേണ്ടി വരും. തൊഴിൽ അന്വേഷകർക്ക് അവരുടെ രാജ്യത്ത് നിന്നു കൊണ്ടു തന്നെ പരിശീലനത്തിൽ പങ്കെടുക്കാം. കോഴ്സ് പൂർത്തിയായാൽ ഓൺലൈനായി ടെസ്റ്റിന് ഇരിക്കുകയും ചെയ്യാം. ഓൺലൈൻ അസസ്മെന്റിൽ മിനിമം മാർക്ക് കിട്ടുന്നവരുടെ വർക് പെർമിറ്റ് അപേക്ഷകൾ മാത്രമേ മാൾട്ട ഐഡന്റ്ഷ്യ പരിഗണിക്കൂ. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് ഫീസ് അടച്ച് റീ ടെസ്റ്റിനു ഇരിക്കാം.
വർക്ക് പെർമിറ്റ് ലഭിക്കുന്നവർ മാൾട്ടയിൽ എത്തുന്നതിനു മൂന്നാഴ്ച മുൻപേ വിവരം ഇൻസ്റ്റിട്ടൂട്ട് ഓഫ് ടൂറിസം സ്റ്റഡീസിനെ ധരിപ്പിക്കണം. മാൾട്ടയിൽ ഇറങ്ങി മൂന്നു ദിവസത്തിനകം പേഴ്സണൽ അസസ്മെന്റിനുള്ള അപ്പോയിന്മെന്റ് ലഭിക്കും. ഇതിൽ പരാജയപ്പെടുന്നവർക്ക് വർക്ക് പെർമിറ്റിനുള്ള അവകാശം ലഭിക്കില്ല, ഉടനടി നാട്ടിലേക്ക് മടങ്ങേണ്ടിയും വരും. വിസ വേണ്ടാതെ മാൾട്ടയിൽ എത്താവുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് വിസിറ്റിനു 90 ദിവസത്തിനുള്ളിൽ കോഴ്സിൽ പങ്കെടുത്താൽ മതി.
ഇംഗ്ളീഷ് ഭാഷയിലെ പരിജ്ഞാനം, കസ്റ്റമർ കെയറിലെ പ്രാഥമീക പാഠങ്ങൾ, എന്നിവ ഉൾക്കൊള്ളുന്നതാകും കോഴ്സ്. അപേക്ഷകന്റെ മുൻകാല തൊഴിൽ പരിചയം, യോഗ്യത എന്നിവ അടക്കം പരിഗണിച്ച് ഏഴു കാറ്റഗറിയിലുള്ള സ്കിൽ കാർഡുകൾ ആണ് ലഭ്യമാക്കുക. ടെസ്റ്റുകൾ നടത്തുന്നത് ഐ.ടി.എസ് ആണെങ്കിലും സ്കിൽ കാർഡ് നൽകുന്നത് മാൾട്ട ടൂറിസം അതോറിറ്റിയാണെന്ന് ഇൻസ്റ്റിട്ടൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് ചീഫ് എക്സിക്യൂട്ടീവ് പിർ ഫെനാച്ച് പറഞ്ഞു.
ഈ നയപ്രകാരം ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലെടുക്കുന്ന
മാൾട്ട, യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും 2025 ഓടെ സ്കിൽ കാർഡ് ഏർപ്പെടുത്തും. ടൂറിസം മേഖലയിൽ തൊഴിൽ വൈദഗ്ദ്യം വർധിപ്പിക്കാനാണ് ഈ തീരുമാനമെന്ന് മാൾട്ട ടൂറിസം മന്ത്രി ക്ലയ്ട്ടൻ ബർത്തോലു പറഞ്ഞു. ടൂറിസം, തൊഴിൽ മേഖലയിൽ നിന്നുള്ള അഭിപ്രായ രൂപീകരണത്തിന് ശേഷം നവംബർ 16 നു ശേഷമാകും അന്തിമ തീരുമാനമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.