സ്പോർട്സ്

ലോകം ഖത്തറിലേക്ക് ചുരുങ്ങാന്‍ ഇനി ഒരുനാള്‍ മാത്രം; ലോകകപ്പിന് നാളെ കിക്കോഫ്


ദോഹ: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് നാളെ കിക്കോഫ്. പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീല്‍ ടീം കൂടി ഇന്ന് ദോഹയില്‍ എത്തിച്ചേരും.

ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തേക്കും

ഒറ്റനാളകലം.. ഒറ്റപ്പന്ത്.. ഒരേയൊരു വികാരം.. ഒന്നാമനാകാന്‍ വേണ്ടിയുള്ള ഒരു നൂറ്റാണ്ട് നീണ്ട പടയോട്ട കിസ്സകളില്‍ നാല് മൂലകളിലേക്കും വലിച്ചുകെട്ടിയൊരു ബദൂവിയന്‍ ടെന്‍റ് കൂടി തുന്നിച്ചേര്‍ക്കപ്പെടുന്നു. അത്തറും തുകലും സമം ചേര്‍ത്ത് പരുവപ്പെടുത്തിയൊരു പന്തിന്‍റെ പൂങ്കാവനം തേടി കളിക്കമ്ബക്കാര്‍ പറന്നിറങ്ങുന്നു. ലയണല്‍ മെസിയുടെ ഇടങ്കാലനക്കം പോലെ സിആര്‍ സെവന്‍റെ തലയനക്കം പോലെ എംബാപ്പെയുടെ കുതിപ്പ് പോലെ മനോഹരമാര്‍ന്ന എട്ട് വേദികള്‍ തേനും നിറച്ച്‌ പൂമ്ബാറ്റകളെ കാത്തിരിക്കുന്നു.

ഫുട്ബോളിന്‍റെ ആത്മാവിനെ ആവാഹിക്കാന്‍ തന്ത്രമന്ത്രിച്ചരടുകളുമായി മുപ്പത്തിരണ്ട് പോരാളിക്കൂട്ടങ്ങള്‍ സജ്ജമാകുന്നു. പന്തനക്കത്തിനെ തൊട്ടു തലേന്നായ ഇന്ന് ബ്രസീലും പോര്‍ച്ചുഗലുമുള്‍പ്പെടെ നാല് ടീമുകള്‍ കൂടി ദോഹയിലെത്തുന്നു. കേമമായ ഉദ്ഘാടനച്ചടങ്ങുകളൊരുക്കി ഫിഫയും ഖത്തറും കിക്കോഫിനൊരുങ്ങുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാനായി രാഷ്ട്രനായകരും ഇതിഹാസങ്ങളും ദോഹയിലെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അതേസമയം ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button