പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രെയ്ന്‍ സൈന്യത്തിന്‍റേതെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ ഡി.സി: പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രെയ്ന്‍ സൈന്യത്തിന്‍റേതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ മിസൈലിനെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ സൈന്യം തൊടുത്തു വിട്ടതാണ് പോളണ്ടില്‍ പതിച്ചതെന്ന് വിലയിരുത്തുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ കൊല്ലപ്പെട്ട മിസൈല്‍ ആക്രമണം റഷ്യ നടത്തിയതാണെന്ന് പോളണ്ടും യുക്രെയ്നും ആരോപിച്ചിരുന്നു.
രണ്ട് പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന് കാരണം റഷ്യന്‍ മിസൈല്‍ ആയിരിക്കില്ലെന്നാണ് പ്രാഥമിക വിവരമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും നേരത്തെ പറഞ്ഞിരുന്നു. യു.എസും നാറ്റോയും സംഭവം അന്വേഷിക്കുകയാണെന്നും ബൈഡന്‍ വ്യക്തമാക്കി. ഇന്തൊനേഷ്യയിലെ ബാലിയില്‍ ജി-20 സമ്മേളനത്തിനിടെ ചേര്‍ന്ന നാറ്റോയുടെ അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബൈഡന്‍. ‘പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. മിസൈല്‍ തൊടുത്തത് റഷ്യയില്‍ നിന്നാകണമെന്നില്ല. പൂര്‍ണമായും അന്വേഷിക്കുന്നതിന് മുമ്ബ് അങ്ങനെ പറയാനാവില്ല. അന്വേഷിക്കാം’ -ബൈഡന്‍ പറഞ്ഞു.
അതേസമയം, പോളണ്ടും യുക്രെയ്നും ആരോപിക്കുന്നത് റഷ്യന്‍ മിസൈലാണ് പതിച്ചതെന്നാണ്. കിഴക്കന്‍ പോളണ്ടിലെ പ്രസെവോഡോ ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്. എന്നാല്‍, തങ്ങളുടെ മിസൈല്‍ പോളണ്ടില്‍ പതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിക്കുകയും സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നാറ്റോ സഖ്യരാഷ്ട്രമെന്ന നിലയില്‍ സംഭവത്തില്‍ ഇടപെടാന്‍ നാറ്റോയോട് ആവശ്യപ്പെടുന്ന കാര്യം പരിഗണനയിലാണെന്നും പോളണ്ട് വ്യക്തമാക്കിയിരുന്നു.