പ്രവാസി വ്യപാരിയും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഏറെനാളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. 1942 ജൂലായ് 31ന് തൃശ്ശൂരിലായിരുന്നു എംഎം രാമചന്ദ്രനെന്ന അറ്റ്ലസ് രാമചന്ദ്രന്റെ ജനനം.
2015ല്‍ സാമ്ബത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഉള്‍പ്പെടെ ഇടപെടലോടെയാണ് അറ്റ്ലസ് രാമചന്ദ്രന് ജയില്‍മോചിതനായത്.
ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്.