ചൈനീസ് അതിർത്തി നഗരത്തിൽ സന്ദർശനം നടത്തി കിം ജോങ് ഉൻ

ബെയ്ജിങ് : അടുത്ത മാസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം നടക്കാനിരിക്കെ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് അതിർത്തി നഗരമായ ദാൻദോങ് സന്ദർശിച്ചു. 2025 സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് കിം ചൈനയിലെത്തുന്നത്. ചൈനയും റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുന്നതിനായി കഴിഞ്ഞ മാസം തുറന്നുകൊടുത്ത ന്യൂ യാലു നദി പാലം വഴിയാണ് കിം ജോങ് ഉൻ ചൈനയിലെത്തിയതെന്ന് ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഉത്തരകൊറിയയുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണം കൂടുതൽ വിപുലീകരിക്കാൻ ചൈന തയാറാണെന്ന് മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ വാങ് ഹൂണിങ് പറഞ്ഞു. പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആശംസകൾ കിമ്മിനെ അറിയിച്ച വാങ് ഹൂണിങ്, കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ചൈനീസ് സൈനികർക്ക് ആദരമർപ്പിക്കുന്ന ചടങ്ങിലും കിമ്മിനെ അനുഗമിച്ചു. തുടർന്ന് ഇരുവരും ദാൻദോങ്ങിലെ ഒരു ഓട്ടോമൊബൈൽ ഫാക്ടറിയിലും സന്ദർശനം നടത്തി.
ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് സാധ്യത ?
ചൈനയിലെ ഷെൻഷനിൽ അടുത്ത മാസം നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയ്ക്കിടെ കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ട്രംപ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയെ കുറിച്ചുള്ള വലിയ പ്രതീക്ഷകൾ പിന്നീട് ട്രംപ് തന്നെ തള്ളിക്കളഞ്ഞു. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുന്നതിനു മുന്നോടിയായി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നിലപാടുകൾ ഐക്യപ്പെടുത്താനാണ് കിം ചൈന സന്ദർശിച്ചതെന്നാണ് രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ യുഎസ് നയതന്ത്രത്തിനു പുറമെ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യാൻ ഒട്ടനവധി ആഭ്യന്തര കാര്യങ്ങളുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നും പ്രതിസന്ധി പരിഹാര ഗ്രൂപ്പിലെ മുതിർന്ന അംഗമായ ക്രിസ്റ്റഫർ ഗ്രീൻ അഭിപ്രായപ്പെട്ടു. തങ്ങളുടെ ചരിത്രപരമായ സഖ്യം പുതുക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും തലസ്ഥാനങ്ങൾക്കിടയിലുള്ള ട്രെയിൻ, വിമാന സർവീസുകൾ കഴിഞ്ഞ ജൂണിൽ ഷി ചിൻപിങ്ങിന്റെ ഉത്തരകൊറിയൻ സന്ദർശനത്തോടെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിമ്മിന്റെ രണ്ടാമത്തെ സന്ദർശനം.



