യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാൻസിലെ പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു

പാരിസ് : വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ കത്തിപ്പടർന്ന സർക്കാർവിരുദ്ധ യുവജനപ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളിലും ശനിയാഴ്ച സർക്കാർവിരുദ്ധ റാലികൾ നടന്നു. ശനിയാഴ്ച ഫ്രാൻസിലെങ്ങും 8 ലക്ഷം പേരാണു തെരുവിലിറങ്ങിയത്. പല നഗരങ്ങളിലും സമരം അക്രമാസക്തമായി. പാരിസിലടക്കം വിവിധ നഗരങ്ങളിൽ ആഡംബരവസ്ത്രശാലകളും മൊബൈൽ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിച്ചു. റോഡുകളിൽ കാറുകൾക്കു തീയിട്ടു. സർക്കാർ ഓഫിസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.

മാഴ്സെയിൽ കറുപ്പണിഞ്ഞ പ്രക്ഷോഭകർ സിറ്റിഹാളിൽ കടന്നു ഭിത്തികളിൽ മുദ്രാവാക്യങ്ങളെഴുതി. ലിമോഷ് നഗരത്തിലെ ചരിത്രപ്രശസ്തമായ സിറ്റിഹാളിനു തീയിട്ടു. 1873 ൽ നിർമിച്ച സിറ്റിഹാൾ ഗോപുരം പൂർണമായും കത്തിയമർന്നു. ലിയോണിൽ ടൂറിസ്റ്റ് ഓഫിസിനു തീയിട്ടു. വിവിധ നഗരങ്ങളിലായി 1200 പേർ അറസ്റ്റിലായി. അടുത്തവർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്മാനുവൽ മക്രോ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായത്.

വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഇറ്റലിയിലെ മിലാനിൽ നടന്ന പ്രതിഷേധവും അക്രമാസക്തമായി. കടകൾ കൊള്ളയടിച്ചു. കല്ലേറു നടത്തിയവരെ പിരിച്ചുവിടാൻ മിലാനിൽ കണ്ണീർവാതകവും ബൊളോന്യയിൽ ജലപീരങ്കിയും പ്രയോഗിച്ചു. ഒട്ടേറെപ്പേർ അറസ്റ്റിലായി. വർധിക്കുന്ന ജീവിതച്ചെലവുകൾക്കും ഇരട്ടിയായ വീട്ടുവാടകനിരക്കുകൾക്കുമെതിരെ പതിനായിരങ്ങളാണ് ലിസ്ബണിൽ തെരുവിലിറങ്ങിയത്.

സർവകലാശാലാ ഫീസ് വർധനയ്‌ക്കെതിരെ ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ടു വിദ്യാർഥികൾ തുടരുന്ന പ്രക്ഷോഭം അൽബേനിയയിൽ 5 ദിവസം പിന്നിട്ടു. ശനിയാഴ്ച സമരക്കാർക്കുനേരെ പൊലീസ് റബർ ബുള്ളറ്റുകൾ പ്രയോഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button