മാൾട്ടാ വാർത്തകൾ
അട്ടാർഡിൽ മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞു; കൊളംബിയൻ യുവാവ് മരിച്ചു

അട്ടാർഡിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ മോട്ടോർസൈക്കിൾ അപകടത്തിൽ 31 വയസ്സുകാരനായ കൊളംബിയൻ യുവാവ് മരിച്ചു. പുലർച്ചെ 2.30ഓടെ വിയാൽ ല്-ഇസ്റ്റാദ്ജും നാസ്ജോനാലെയിൽ (Vjal l-Istadjum Nazzjonali) അപകടമുണ്ടായതിനെത്തുടർന്ന് സഹായത്തിനായി പൊലീസിനെ വിളിക്കുകയായിരുന്നു.
ഗസീറയിൽ താമസിച്ചിരുന്ന യുവാവ് വോഗ് എസ്ആർ (Voge SR) മോട്ടോർസൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. അപകടസ്ഥലത്ത് മെഡിക്കൽ സംഘം യുവാവിന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ആംബുലൻസിൽ മാറ്റിയ അദ്ദേഹത്തെ മാതർ ദെയ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണവും തുടരുകയാണ്.



