യൂറോപ്യൻ യൂണിയൻ വാർത്തകൾ

‘ബ്രെക്സിറ്റ് ഹിതപരിശോധനയിൽ റഷ്യ ഇടപെട്ടു’: ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ : 2016ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനായി നടത്തിയ ഹിതപരിശോധനയിൽ റഷ്യ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്ന് യു.കെ പ്രധാനമന്ത്രി ആൻഡി ബേൺഹാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരം ഭീഷണികളെക്കുറിച്ച് ജർമനിയിലെയും ഫ്രാൻസിലെയും വോട്ടർമാർക്ക് അദ്ദേഹം മുന്നറിയിപ്പും നൽകി.

അടുത്തിടെ സംപ്രേഷണം ചെയ്ത ‘ദി റെസ്റ്റ് ഈസ് പോളിറ്റിക്സ്’ എന്ന പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഈ നിർണായക വെളിപ്പെടുത്തൽ. “ഡൗണിങ് സ്ട്രീറ്റിലേക്ക് എത്തിയപ്പോൾ 2016ലെ റഫറണ്ടത്തിൽ റഷ്യയുടെ ഇടപെടൽ ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. അതിന് ഉണ്ട് എന്ന വ്യക്തമായ ഉത്തരമാണ് ലഭിച്ചത്,” – ബേൺഹാം പറഞ്ഞു. ബ്രെക്സിറ്റ് വോട്ടെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടെന്ന് ഒരു യു.കെ പ്രധാനമന്ത്രി പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമായാണ്.

ഇത്തരം കാര്യങ്ങൾ വ്യക്തമായി പൊതുമധ്യത്തിൽ പറയേണ്ടത് അത്യാവശ്യമാണെന്നും, ജർമനിയിലെയും ഫ്രാൻസിലെയും വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ അന്തരീക്ഷത്തെ ശത്രുരാജ്യമായ റഷ്യ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ബർലിനിൽ വെച്ച് ജർമൻ ചാൻസലർ ഫ്രീഡ്രിഹ് മെർസുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ജർമനിയിലെ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമനി’യും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തതായും ബേൺഹാം വ്യക്തമാക്കി.

ബ്രെക്സിറ്റ് മൂലം ബ്രിട്ടന്റെ സാമ്പത്തിക മേഖലക്കും കുടിയേറ്റ നിയന്ത്രണങ്ങൾക്കും തിരിച്ചടിയാണ് ഉണ്ടായതെന്നും യൂറോപ്യൻ യൂണിയനിലേക്ക് മടങ്ങുന്നതടക്കമുള്ള കാര്യങ്ങൾ യു.കെ വീണ്ടും പരിഗണിക്കണമെന്നും ബേൺഹാം കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിലോ റഫറണ്ടങ്ങളിലോ തങ്ങൾ ഇടപെട്ടിട്ടില്ലെന്നും യു.കെയിൽ “റഷ്യൻ വിരുദ്ധ മനോഭാവം” പടർത്താനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും റഷ്യ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button