യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ വധിക്കാൻ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

ബെർലിൻ : ഉക്രെയ്ൻ അധിനിവേശം അനിശ്ചിതത്വത്തിലായതോടെ യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ ലക്ഷ്യമിട്ട് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ വധശ്രമങ്ങൾക്ക് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രമുഖ യൂറോപ്യൻ പ്രതിരോധ കമ്പനികൾ സി.ഇ.ഒമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷ വർധിപ്പിച്ചു.

റഷ്യൻ മിലിറ്ററി ഇന്റലിജൻസ് ഏജൻസിയായ ‘ജി.ആർ.യു’ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. യൂറോപ്പിലെ സാധാരണക്കാരെയും വ്യവസായ പ്രമുഖരെയും ലക്ഷ്യമിടുന്ന തരത്തിലേക്ക് റഷ്യൻ തന്ത്രങ്ങൾ മാറിയതായി അഞ്ച് യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഉക്രെയ്നുള്ള പിന്തുണ ഇല്ലാതാക്കാൻ റഷ്യ അട്ടിമറി പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും വാർത്ത വ്യക്തമാക്കുന്നു.

ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്ന ചെറുകിട കമ്പനികളുടെ മേധാവികൾക്കും ഭീഷണിയുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കായി സ്വകാര്യ സുരക്ഷാ സംഘങ്ങളെ നിയോഗിക്കാൻ ജർമനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ബി.എഫ്.വി കമ്പനികൾക്ക് നിർദേശം നൽകി. റഷ്യ വ്യക്തികൾക്കെതിരെ സംഘടിത കുറ്റകൃത്യ ശൃംഖലകളെ ഉപയോഗിച്ച് അക്രമങ്ങൾക്ക് പദ്ധതിയിടുന്നതായി ബി.എഫ്.വി തലവൻ സിനാൻ സെലെൻ മുന്നറിയിപ്പ് നൽകി.

എന്നാൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ഉക്രെയ്നുമായുള്ള വ്യാപാര ബന്ധങ്ങളിൽ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കുകയാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ക്രിമിനൽ സംഘങ്ങളെയും അതിർത്തി കടന്നുള്ള ഏജന്റുമാരെയും ഉപയോഗിച്ച് റഷ്യ ഇത്തരം നീക്കങ്ങൾ ശക്തമാക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button