ടെക് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് സ്വന്തം പേരിൽ ഒരു വൻ വിജയം കൂടി കുറിച്ച് 19കാരൻ

വാഷിങ്ടൺ ഡിസി : ടെക് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് 19-ാം വയസിൽ സ്വന്തം പേരിൽ ഒരു വൻ വിജയം കൂടി കുറിച്ചിരിക്കുകയാണ് സാക്ക് യാദെഗാരി എന്ന അമേരിക്കൻ കൗമാരക്കാരൻ. രണ്ട് ബിസിനസുകൾ വൻ തുകയ്ക്ക് വിറ്റഴിച്ച ശേഷം, തന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ‘പേർസോണ’യ്ക്കായി (Persona) 10 ദശലക്ഷം ഡോളർ ഫണ്ടിങ് സ്വന്തമാക്കിയാണ് സാക്ക് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
വെഞ്ചർ ക്യാപിറ്റൽ ഭീമന്മാരായ വിൻ വെഞ്ചേഴ്സ്, കോറി ലെവി, കളക്ടീവ് ഗ്ലോബൽ തുടങ്ങിയ പ്രമുഖ നിക്ഷേപകരാണ് ഈ കൗമാരക്കാരന്റെ എഐ ഐഡിയയിൽ വിശ്വസിച്ച് കോടികൾ ഒഴുക്കിയിരിക്കുന്നത്.
7ാം വയസിൽ കോഡിങ്, 16ൽ ‘ലക്ഷപ്രഭു’!
ന്യൂയോർക്കിലെ ലോങ് ഐലൻഡിലാണ് സാക്കിന്റെ തുടക്കം. ഏഴാം വയസിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് സ്വയം പഠിച്ചുതുടങ്ങിയ സാക്ക്, സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ‘ടോട്ടലി സയൻസ്’ (Totally Science) എന്ന ഗെയിമിങ് വെബ്‌സൈറ്റ് ഉണ്ടാക്കി. സ്കൂൾ വൈഫൈ നെറ്റ്‌വർക്കുകളിൽ ബ്ലോക്ക് ചെയ്യപ്പെട്ട ഗെയിമുകൾ വിദ്യാർഥികൾക്ക് തടസമില്ലാതെ കളിക്കാൻ സാധിക്കുന്ന ഒന്നായിരുന്നു ഇത്. വൻ ജനപ്രീതി നേടിയ ഈ പ്ലാറ്റ്‌ഫോം, തന്റെ 16ാം വയസിൽ ഏകദേശം 1,00,000 ഡോളറിനാണ് (80 ലക്ഷത്തിലധികം രൂപ) അവൻ വിറ്റഴിച്ചത്.
സ്കൂളിൽ മികച്ച മാർക്കും സ്വന്തമായി ഒരു ബിസിനസും ഉണ്ടായിരുന്നിട്ടും, 2025ൽ ഹാർവാർഡ്, യേൽ, സ്റ്റാൻഫോർഡ് തുടങ്ങിയ ലോകോത്തര സർവകലാശാലകൾ സാക്കിന് അഡ്മിഷൻ നിഷേധിച്ചു. അപേക്ഷിച്ച 18 സർവകലാശാലകളിൽ 15 എണ്ണവും തന്നെ തഴഞ്ഞ കാര്യം സാക്ക് തുറന്നുപറഞ്ഞത് അന്ന് വൻ വാർത്തയായിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് മിയാമിയിലാണ് അവൻ ചേർന്നത്.
പഠനം നിഷേധിച്ച സർവകലാശാലകൾക്ക് മുന്നിൽ അവൻ തന്റെ അടുത്ത മാസ്റ്റർ പ്ലാൻ പുറത്തെടുത്തു. 2024-ൽ ‘കാൽ എഐ’ എന്ന ആപ്പ് അവൻ വികസിപ്പിച്ചു. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഫോട്ടോ എടുത്താൽ അതിലെ കലോറി എത്രയെന്ന് കൃത്യമായി കണക്കാക്കുന്ന ഈ ആപ്പ് വെറും രണ്ട് വർഷത്തിനുള്ളിൽ 1.5 കോടിയിലധികം പേരാണ് ഡൗൺലോഡ് ചെയ്തത്!
വർഷത്തിൽ 30 ദശലക്ഷം ഡോളറിലധികം (ഏകദേശം 250 കോടി രൂപ) വരുമാനം നേടിയ ഈ ആപ്പിനെ 2026 മാർച്ച് മാസത്തിൽ പ്രമുഖ ഗ്ലോബൽ ഫിറ്റ്നസ് ആപ്പായ ‘മൈഫിറ്റ്നെസ്സ്പാൽ’ വൻ തുകയ്ക്ക് ഏറ്റെടുത്തു.
സ്മാർട്ട്‌ഫോണുകൾക്ക് പകരക്കാരനാകാൻ ‘പേർസോണ’
മൈഫിറ്റ്നെസ്സ്പാലിൽ നിന്ന് പടിയിറങ്ങിയ ശേഷം സാക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ വിപ്ലവമാണ് ‘പേർസോണ’. നമ്മുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ എഐ അസിസ്റ്റന്റിനായി 179 ഡോളർ (ഏകദേശം 15,000 രൂപ) വിലമതിക്കുന്ന ഒരു വെയറബിൾ റിസ്റ്റ്ബാൻഡ് വരും ഡിസംബറിൽ വിപണിയിലെത്തും.
സാധാരണ എഐ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബട്ടൺ അമർത്തുമ്പോഴോ കൈ ചലിപ്പിക്കുമ്പോഴോ മാത്രമേ പേർസോണ പ്രവർത്തിക്കൂ. ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യക്കാർക്ക് വിൽക്കില്ലെന്ന ഉറപ്പും സാക്ക് നൽകുന്നു. ഐമെസ്സേജ് വഴി നിലവിൽ ലഭ്യമായ ഇതിന്റെ ബീറ്റാ വേർഷൻ ഇതിനകം തന്നെ ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിച്ചുതുടങ്ങി.
തടസങ്ങളെ അതിജീവിച്ച് കഠിനാധ്വാനം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന സാക്ക് യാദെഗാരിയുടെ ഈ യാത്ര ഇവിടുത്തെ യങ് എന്റർപ്രണർമാർക്ക് വലിയൊരു പ്രചോദനമാണ്!



