അന്തർദേശീയം
കനേഡിയൻ എഴുത്തുകാരി ആൻ കാർസണ് 2026ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം

സ്റ്റോക്ഹോം : 2026ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാർസണ്. വ്യത്യസ്ത രചനകളിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ നൽകിയതിനാണ് പുരസ്കാരം. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 ദശലക്ഷം ഡോളർ) ആണ് പുരസ്കാരം.
കവിത, ഗദ്യം, സംഭാഷണം, വിവർത്തനം എന്നിവയെ പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച് സമന്വയിപ്പിക്കുന്നതാണ് ആൻ കാർസണിന്റെ ശൈലി. ക്ലാസിക്കൽ ഗ്രീക്ക് സാഹിത്യത്തിന്റെ വിവർത്തനങ്ങൾ, ഒപെറ ലിബ്രെറ്റോകൾ, സാഹിത്യ നിരൂപണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാന എഴുത്തുകൾ. ഓട്ടോബയോഗ്രഫി ഓഫ് റെഡ്’, നോർമ ജീൻ ബേക്കർ ഓഫ് ട്രോയ്’ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
1950ൽ ടൊറന്റോയിലാണ് ജനനം. ടൊറന്റോ സർവകലാശാലയിൽ നിന്ന് ബി എ, എം എ, പിഎച്ച്ഡി എന്നിവ പൂർത്തിയാക്കി. അധ്യാപികയാണ്. 2022 മുതൽ ആൻ കാർസണ് ഐസ്ലൻഡിക് പൗരത്വവുമുണ്ട്.



