അന്തർദേശീയം

ബെർമുഡ- ബോസ്റ്റൺ ലോഗൻ യാത്രയ്ക്കിടെ എയർ ആംബുലൻസ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി

നാന്റക്കറ്റ് : ബെർമുഡയിൽനിന്ന് യുഎസിലേക്കുള്ള ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർ ആംബുലൻസ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി. കാനഡയിലെ ഒന്റാറിയോയിലെ ഹാമിൽട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ്’ എന്ന മെഡിക്കൽ ഏവിയേഷൻ കമ്പനിയുടെ ‘ഗൾഫ്സ്ട്രീം ജി 100’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രോഗിയടക്കമുള്ള ആറുപേരെ കാണാതായി.

മസാച്യുസെറ്റ്സിലെ നാന്റക്കറ്റ് തീരത്തിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ബെർമുഡയിലെ ആശുപത്രിയിൽനിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് മാറ്റുന്നതിനുള്ള മെഡിക്കൽ ഇവാക്വേഷൻ ദൗത്യത്തിലായിരുന്നു വിമാനം. യാത്രക്കിടെ 9,000 അടിയിലധികം താഴേക്ക് പതിച്ച ശേഷമാണ് വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നിലച്ചത്.

സംഭവത്തെ തുടർന്ന് യുഎസ് കോസ്റ്റ് ഗാർഡ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാന്റക്കറ്റ് ദ്വീപിന് തെക്കുവശത്തുള്ള കടൽപ്രദേശത്താണ് യുഎസ് കോസ്റ്റ് ഗാർഡിന്റെ തിരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരെക്കുറിച്ചോ അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വിമാനം കണ്ടെത്തുന്നതുവരെ സാങ്കേതിക തകരാറാണോ കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button