യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; ഈഫല്‍ ടവര്‍ മേധാവിയുടെ സ്ഥാനം തെറിച്ചു

പാരീസ് : പ്രശസ്തമായ ഈഫല്‍ ടവറിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ മേധാവി ജനറല്‍ പാട്രിക് ബ്രാങ്കോ റൂവിവോ ഈ വര്‍ഷം അവസാനത്തോടെ സ്ഥാനം ഒഴിയും. ബോചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ എന്ന ആഗോള ഹിന്ദുസംഘടയുമായി ബന്ധപ്പെട്ട ഒരു സംഘം ഈഫല്‍ ടവര്‍ സന്ദര്‍ശിച്ചിരുന്നു.

നൂറിലധികം പേര്‍ അടങ്ങുന്ന സംഘം ടവറിലൂടെ കടന്നുപോകുമ്പോള്‍ വനിതാ ജീവനക്കാരോട് അവരുടെ വര്‍ക്ക് സ്‌റ്റേഷനുകള്‍ വിട്ടുപോകാന്‍ റൂവിവോ ആവശ്യപ്പെട്ടു. പ്രതിനിധി സംഘം ഉള്ളപ്പോള്‍ വനിതാ ജീവനക്കാര്‍ ടവറിന്റെ ചില ഭാഗങ്ങളിലൂടെ പോകരുതെന്ന് നിര്‍ദേശിച്ചു. നടപടിയില്‍ തര്‍ക്കം രൂക്ഷമാവുകയും ജീവനക്കാരുടെ പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. പ്രതിഷേധത്തെതുടര്‍ന്ന് ഈഫല്‍ ടവര്‍ താല്‍ക്കാലികമായി അടച്ചു പൂട്ടേണ്ടി വന്നു. സ്ത്രീ വിവേചനത്തില്‍, മാനേജ്‌മെന്റിന് ജീവനക്കാരോട് മാപ്പ് പറയേണ്ടതായും വന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ റൂവിവോക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് റൂവിവോ സ്ഥാനം ഒഴിയുന്നത്.

ലിംഗഭേദത്തിന്റെ പേരില്‍ ജീവനക്കാരെ മാറ്റി നിര്‍ത്തുകയും കാഴ്ചയില്‍ നിന്ന് പോലും ഒഴിവാക്കുകയും ചെയ്ത മാനേജുമെന്റ് നയത്തിനെതിരെ ജീവനക്കാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്കുകയും ഇതു കാരണം ഒരു ദിവസം ലോക പ്രശസ്തമായ പാരീസ് സ്മാരകം അടച്ചിടേണ്ടി വരികയും ചെയ്തു.

അതേസമയം, വനിതകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ആത്മീയ സംഘടന പ്രതിനിധികള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്നാണ് റൂവിവോയുടെ വിശദീകരണം. 2018ലാണ് റൂവിവോ ഈഫല്‍ ടവര്‍ മേധാവിയായി നിയമിതനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button