അന്തർദേശീയം

വ്യാജ വാര്‍ത്ത : മൂന്ന് പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടൺ ഡിസി : തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന പുതിയ ഉത്തരവ് ട്രംപ് പ്രഖ്യാപിച്ചത്.

‘വ്യാജ വാര്‍ത്തകള്‍ സ്ഥിരമായി നല്‍കുന്നതിന്റെ ഫലമായി സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. മുന്‍പ് എംഎസ്എന്‍ബിസി എന്നറിയപ്പെട്ടിരുന്ന നെറ്റ്‌വര്‍ക്ക് അടുത്തിടെ പേര് ‘എംഎസ് നൗ’ എന്ന് മാറ്റിയതിനെയും ട്രംപ് വിമര്‍ശിച്ചു. കാഴ്ചക്കാരുടെ കുറവും വിശ്വാസ്യതയില്ലായ്മയുമാണ് ഈ പേരുമാറ്റത്തിന് കാര്യമെന്ന് അദ്ദേഹം ആരോപിച്ചു.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് പൊളിറ്റിക്കോ യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി 80 ലക്ഷം ഡോളറിന്റെ സബ്സ്‌ക്രിപ്ഷന്‍ നേടിയതായും ട്രംപ് ആരോപിച്ചു. ഈ പണമിടപാടിനെ അഴിമതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ ഭരണകൂടത്തെയും അമേരിക്കയെയും കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകളും നുണകളും ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല. ഭാവിയില്‍ വ്യാജ വാര്‍ത്ത നല്‍കുന്ന മറ്റ് മാധ്യമങ്ങള്‍ക്കും സമാന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പത്രസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഈ നടപടി വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാനാണ് സാധ്യത. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷവും സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകര്‍ വൈറ്റ് ഹൗസില്‍ തങ്ങളുടെ ജോലികള്‍ തുടരുന്നതായി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഏറ്റുമുന്ന ട്രംപ്, പ്രസിഡന്റ് പദവിയില്‍ വീണ്ടുമെത്തിയ ശേഷം മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനോടും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ട്രംപിന്റെ പുതിയ മാധ്യമവിലക്ക് സെന്‍സര്‍ഷിപ്പിന് തുല്യമാണെന്ന് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിലെ ഡെമോക്രാറ്റ് പ്രതിനിധി ഫ്രാങ്ക് പല്ലോന്‍ പ്രതികരിച്ചു. വൈറ്റ് ഹൗസില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നത് വഴി തന്റെ ഭരണ പരാജയം മറച്ചുവെക്കാമെന്നാണ് ട്രംപ് കരുതുന്നതെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യാമോഹം മാത്രമാണെന്നും പല്ലോന്‍ വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button