അന്തർദേശീയം

പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിയിക്കാനുള്ള ദൗത്യവുമായി നാസയുടെ ‘നാൻസി ഗ്രേസ് റോമൻ ടെലസ്‌കോപ്പ് ‘വിജയകരമായി വിക്ഷേപിച്ചു

വാഷിംഗ്ടൺ ഡിസി : പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിയിക്കാനുള്ള ദൗത്യവുമായി അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ‘നാൻസി ഗ്രേസ് റോമൻ ടെലസ്‌കോപ്പ് ‘ യാത്ര തുടങ്ങി. ഇന്നലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 4:56ന് സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം.430 കോടി ഡോളർ ചെലവിൽ നിർമ്മിച്ച ഇൻഫ്രാറെഡ് ടെലസ്കോപ്പായ ഇത്, ഭൂമിയിൽ നിന്ന് 10 ലക്ഷം മൈൽ അകലെയുള്ള ‘സെക്കൻഡ് സൺ-എർത്ത് ലഗ്രാഞ്ച് പോയിന്റിൽ’ (എൽ 2)​ വിന്യസിക്കും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യന് നേരെ വിപരീത ദിശയിലാണ് ഈ പോയിന്റ്.

ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ ജെയിംസ് വെബ് അടക്കം മറ്റ് സ്‌പേസ് ടെലസ്‌കോപ്പുകളും ഇവിടെയുണ്ട്. ഡാർക്ക് മാറ്റർ അടക്കം ഭൗതികശാസ്ത്ര രഹസ്യങ്ങൾക്ക് ഉത്തരം തേടുന്നതിനൊപ്പം കോടിക്കണക്കിന് താരാപഥങ്ങളെ പഠനവിധേയമാക്കാനും സാധിക്കും.

30 ദിവസത്തെ യാത്ര

റോക്കറ്റിൽ നിന്ന് വേർപെട്ട ബസിന്റെ വലിപ്പമുള്ള റോമൻ ടെലസ്കോപ്പ് സോളാർ പാനലുകൾ വിടർത്തി സ്വയം മുന്നോട്ട് കുതിക്കും. 30 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. വിന്യാസ പ്രക്രിയ പൂർത്തിയാക്കി നൂറ് ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. ആദ്യ ചിത്രങ്ങൾ അടുത്ത വർഷം ആദ്യം ലഭിക്കും. അഞ്ച് വർഷമാണ് കാലാവധി. പ്രപഞ്ചത്തിന്റെ വികാസത്തെ നിയന്ത്രിക്കുന്ന, എന്നാൽ ഇതുവരെ നിഗൂഢമായി തുടരുന്ന ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെക്കുറിച്ച് പഠിക്കുയും സൗരയൂഥത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് പുതിയ ഗ്രഹങ്ങളെയും (Exoplanets) നക്ഷത്രസമൂഹങ്ങളെയും കണ്ടെത്തുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നാൻസിയുടെ ഓർമ്മയ്ക്ക്

നാസയുടെ ആദ്യത്തെ ജ്യോതിശാസ്ത്ര മേധാവിയും ഏജൻസിയിൽ എക്സിക്യൂട്ടീവ് സ്ഥാനത്തെത്തിയ ആദ്യ വനിതയുമായ നാൻസി ഗ്രേസ് റോമന്റെ പേരാണ് ടെലസ്കോപ്പിന്. 1959ൽ നാസയുടെ ഭാഗമായ നാൻസി, ആദ്യകാല റോക്കറ്റ്, ഉപഗ്രഹ പദ്ധതികൾക്ക് രൂപംനൽകി. ഹബിൾ സ്പേസ് ടെലസ്കോപ്പിന്റെ ആശയം അവതരിപ്പിച്ചു. ‘ഹബിളിന്റെ മാതാവ് ‘ എന്നറിയപ്പെടുന്നു. 2018ൽ 93 -ാം വയസിൽ അന്തരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button