എച്ച്-1ബി വിസ പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ അനുമതി റദ്ദാക്കാനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ ഡിസി : അമേരിക്കയില്‍ എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ അനുമതി (എച്ച്-4 ഇഎഡി) റദ്ദാക്കുന്ന കാര്യം ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിൽ. ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച കരട് നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
“തൊഴിലനുമതിക്ക് യോഗ്യരായ വിദേശികളുടെ പട്ടികയിൽ നിന്ന് എച്ച്-4 ആശ്രിത പങ്കാളികളെ ഒഴിവാക്കൽ”എന്നാണ് നിര്‍ദേശത്തിന്റെ പേര്. എച്ച്-4 വിസയുള്ളവർക്ക് തൊഴിൽ കാർഡുകൾ നൽകുന്ന രീതി അവസാനിപ്പിക്കുകയും, തൊഴിലനുമതി നൽകാതിരുന്ന പഴയ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നയം പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യം.
2015ൽ ഒബാമ ഭരണകൂടമാണ് എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന ‘എച്ച്-4 ഇഎഡി’ പദ്ധതി നടപ്പിലാക്കിയത്. പത്ത് വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ നയമാണ് ഇപ്പോൾ റദ്ദാക്കാൻ ഒരുങ്ങുന്നത്. അമേരിക്കയിലെ നിരവധി എച്ച്-1ബി വിസ ഉടമകളുടെ (പ്രത്യേകിച്ച് ഐടി മേഖലയിലുള്ള മലയാളി കുടുംബങ്ങളടക്കമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ) കുടുംബ വരുമാനത്തെയും കരിയറിനെയും ഈ തീരുമാനം കടുത്ത രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രൊഫഷണൽ യോഗ്യതയുള്ള നിരവധി എച്ച്-4 വിസ ഉടമകൾ നിലവിൽ യുഎസിൽ ജോലി ചെയ്യുന്നുണ്ട്. നിലവിൽ ഇതൊരു നിര്‍ദേശം മാത്രമാണ്. അന്തിമമായി പ്രാബല്യത്തിൽ വന്നിട്ടില്ല. ഇപ്പോൾ ജോലി ചെയ്യുന്ന എച്ച്-4 വിസക്കാരുടെ നിലവിലുള്ള ഇഎഡി കാർഡുകളുടെ കാലാവധി കഴിയുന്നത് വരെ അവരുടെ തൊഴിലനുമതി സാധുവായിരിക്കും. അതേസമയം അമേരിക്കയിൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനും തുടർന്ന് ജോലി സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ നിബന്ധനകള്‍ അടുത്തിടെ ട്രംപ് ഭരണകൂടം കടുപ്പിച്ചിരുന്നു.



