യുഎസ് ആക്രമണത്തിനു തിരിച്ചടിയായി യുഎഇയ്ക്കു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ചെന്ന് മന്ത്രാലയം

ദുബായ് : ഇടവേളയ്ക്കു ശേഷം നടന്ന അമേരിക്കൻ ആക്രമണത്തിനു തിരിച്ചടിയായി യുഎഇക്കു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. എന്നാൽ, ഇറാൻ ഡ്രോണുകളെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തന്നെ വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേന അതീവ ജാഗ്രതയിലാണെന്നും വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, ദുബായ് അൽമിൻഹാദിലെ വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്റെ അവകാശം യുഎഇ തള്ളി. ആക്രമണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ മന്ത്രാലയം നിഷേധിച്ചു. ഏതു തരം ആക്രമണങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും രാജ്യത്തു ജാഗ്രത തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനിടെ, ഹോർമുസ് കടലിടുക്കിന്റെ തെക്കു ഭാഗത്ത് കടലിൽ സ്ഥാപിച്ച രണ്ടു മൈനുകൾ പൊട്ടിത്തെറിച്ച് ഇന്ധനം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സൂപ്പർ ടാങ്കറിനു തീ പിടിച്ചു. അനുമതിയില്ലാതെ കടലിടുക്കു കടക്കാൻ ശ്രമിച്ച കപ്പലാണ് ആക്രമിച്ചതെന്ന് ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. കപ്പലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അനുവാദമില്ലാത കടക്കാൻ ശ്രമിച്ചാൽ കപ്പലുകളുടെ ഗതി ഇതായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഖർഗ് ദ്വീപിലെ എണ്ണ ഉൽപാദനം നിർത്തിവച്ചിട്ടില്ലെന്നു ദേശീയ ഓയിൽ കമ്പനി അറിയിച്ചു. എണ്ണ ഉൽപാദന കേന്ദ്രം പൂർണമായും നശിപ്പിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടതിനു പിന്നാലെയാണ് ദേശീയ ഓയിൽ കമ്പനി സിഇഒ ഹമീദ് ബൊവാർഡ് പ്രതികരിച്ചത്. ഖർഗിലെ ആക്രമണം സംബന്ധിച്ചു ട്രംപിന്റെ പ്രസ്താവന തമാശയാണെന്നും ഇവിടെ കാര്യങ്ങൾ ശാന്തവും സുഗമമവുമാണെന്നും അദ്ദേഹം പറഞ്ഞു.
ലാറക് ദ്വീപിൽ യുഎസ് ആക്രമണം
ടെഹ്റാൻ∙ ഒരിടവേളയ്ക്കുശേഷം വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാനെ ലക്ഷ്യമാക്കി വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ ഇറാൻ സ്ഥാപിച്ചിരുന്ന 2 മിസൈൽ വിക്ഷേപിണികളിലാണ് യുഎസ് വ്യോമസേന ലക്ഷ്യമിട്ടത്. ആക്രമണത്തിൽ തങ്ങളുടെ സൈനികർ മരിച്ചെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ആഴ്ചകൾക്കു ശേഷമാണ് ഇറാന്റെ മണ്ണിൽ യുഎസ് ആക്രമണം.. കപ്പൽ ഗതാഗത പാതയിലേക്ക് കടൽ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് സൈന്യം ലാറക് ദ്വീപിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തിനു മറുപടിയായി ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു.
ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്ന് ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തുവെന്ന് ഇറാൻ അറിയിച്ചു.
ഹോർമുസ് ദ്വീപിന് തെക്കും ഖേഷം ദ്വീപിന് കിഴക്കുമായാണ് ലാറക് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 1,100 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ലാറക്.



