വിവാഹം കഴിക്കാൻ ചെറുപ്പക്കാർക്ക് മടി; മുക്കിലും മൂലയിലും വിവാഹ രജിസ്ട്രേഷൻ കൗണ്ടറുകൾ സ്ഥാപിച്ച് ചൈന

ബെയ്‌ജിങ്ങ് : വിവാഹം കഴിക്കാൻ മടിക്കുന്ന ചെറുപ്പക്കാരെ എങ്ങനെയെങ്കിലും ‘താലികെട്ടിക്കാൻ’ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ചൈന. വിവാഹ നിരക്ക് കുത്തനെ ഇടിയുന്നതും ജനനനിരക്ക് കുറയുന്നതും തടയാൻ വിചിത്രവും വേറിട്ടതുമായ വഴികൾ തേടുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. യുവാക്കൾക്ക് എളുപ്പത്തിൽ വിവാഹം കഴിക്കാൻ അവസരമൊരുക്കുന്നതിനായി ബാങ്കുകൾ, പബ്ബുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവാഹ രജിസ്ട്രേഷൻ കൗണ്ടറുകൾ സ്ഥാപിക്കുന്നുണ്ടെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നിയമനടപടികളും കടലാസ് ജോലികളും ലളിതമാക്കി എവിടെ വച്ചും എളുപ്പത്തിൽ വിവാഹം കഴിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഷാങ്ഡോങ് പ്രവിശ്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരേസമയം വിവാഹ റജിസ്ട്രേഷനും വിവാഹത്തിന് മുന്നോടിയായുള്ള ആരോഗ്യപരിശോധനകളും നടത്താനുള്ള സൗകര്യം ഒരുക്കി. വിവാഹവും തുടർന്നുള്ള പരിശോധനകളും ഗർഭധാരണത്തിന് മുന്നോടിയായുള്ള കൗൺസിലിങും ഒരേ കെട്ടിടത്തിൽ തന്നെ നൽകാനാണ് ശ്രമിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിക്ക് പുറമേ ബാങ്കിലും വിവാഹ റജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. ടിയാൻജിനിലുള്ള പോസ്റ്റൽ സേവിങ്സ് ബാങ്ക് ഓഫ് ചൈന വിവാഹ റജിസ്ട്രേഷൻ സേവനങ്ങൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കായി മാറി.
ഗ്വാങ്‌ഷോ ബായുൻ രാജ്യാന്തര വിമാനത്താവളത്തിലും വിവാഹം റജിസ്ട്രർ ചെയ്ത് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാം. ഷാങ്ഹായിലാകട്ടെ, നൈറ്റ്‌ക്ലബുകളിൽ, ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലുകൾക്കിടയിലാണ് യുവാക്കൾക്കായി റജിസ്ട്രേഷൻ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലും ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളിലും വിവാഹ റജിസ്ട്രേഷൻ കൗണ്ടറുകൾ ആരംഭിച്ചു കഴിഞ്ഞു.
ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസവും വിമർശനവും ഉയരുന്നുണ്ട്. ആളുകൾ വിവാഹം കഴിക്കാത്തത് കേന്ദ്രങ്ങൾ ഇല്ലാത്തതു കൊണ്ടാണോയെന്നും അടുത്തതായി എവറസ്റ്റ് കൊടുമുടിയിൽ ഡിവോഴ്സ് സെന്റർ തുടങ്ങിയാൽ നന്നായിരിക്കും അങ്ങനെ നീളുകയാണ് പലരുടെയും പരിഹാസങ്ങൾ. ഭാവിയിലെ വെല്ലുവിളികളെക്കുറിച്ചുള്ള ഭയമാണ് യുവാക്കളെ വിവാഹത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് വൃദ്ധരുടെ എണ്ണം വർധിക്കുന്നതും തൊഴിലില്ലായ്മ നിരക്കു കൂടുന്നതും ചൈനീസ് ഭരണകൂടത്തിന് വൻ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളും ജീവിതച്ചെലവുകളുമാണ് യുവാക്കളെ വിവാഹത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നും വെറൈറ്റി റജിസ്ട്രേഷൻ സെന്ററുകൾ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ലെന്നുമാണ് പൊതുവികാരം. വേറിട്ട വഴികൾ പരീക്ഷിച്ചെങ്കിലും യുവാക്കളുടെ മനസ്സ് മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ സൗകര്യങ്ങൾ വന്നിട്ടും ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിവാഹ റജിസ്ട്രേഷനിൽ 7.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.



