കേരളം

‘മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026’ സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി ആലപ്പുഴക്കാരി കസിയ

ജയ്പുർ : ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026’ സൗന്ദര്യ മത്സരത്തിൽ കേരളത്തിന്റെ കസിയ ലിസ് മേജോ കിരീടം സ്വന്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 സുന്ദരിമാരെ പിന്നിലാക്കിയാണ് കസിയയുടെ നേട്ടം. വരുന്ന നവംബറിൽ പ്യുർട്ടോറിക്കോയിൽ നടക്കുന്ന 75ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അപൂർവ ഭാഗ്യം 19കാരിയായ ആലപ്പുഴക്കാരി സ്വന്തമാക്കി. സ്വദേശം ആലപ്പുഴയാണെങ്കിലും കസിയ പഠിച്ചു വളർന്നത് അബുദാബിയിലാണ്.

നിയമ വിദ്യാർഥിനിയും മോഡലുമായ കസിയ വളരെ ചെറിയ പ്രായത്തിൽ തന്നെ ഫാഷൻ സൗന്ദര്യ രംഗത്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. 2025ൽ നടന്ന ‘മിസ് ടീൻ ഇന്റർനാഷണൽ’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി കെസിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ നേരത്തെ നേടിയ പരിചയസമ്പത്തും, ആത്മവിശ്വാസവുമാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയിലേയ്ക്ക് കസിയയെ എത്തിച്ചത്. സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താൻ ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നുവെന്നും ഫിൽട്ടർ ഇല്ലാത്ത ഫോട്ടോ പോലും കൈയിലുണ്ടായിരുന്നില്ലെന്നും കസിയ നേരത്തെ പറഞ്ഞിട്ടുണ്ട്.

തമിഴ്നാട് സ്വദേശി വൈഷ്ണവി ഗണേഷ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായും ‘മിസ് ഇന്റർനാഷണൽ ഇന്ത്യ 2026’ എന്ന പദവിയും സ്വന്തമാക്കി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതാവ്‌ലേക്കർ സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരരംഗം അങ്ങേയറ്റം കടുപ്പമേറിയതായിരുന്നു. സംഘാടകരായ ഗ്ലാമാനന്ദ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ഏകദേശം എണ്ണായിരത്തിലധികം അപേക്ഷകരിൽ നിന്നാണ് ഫൈനലിലെത്തിയ 52 മത്സരാർഥികളെ തിരഞ്ഞെടുത്തത്. മാസങ്ങൾ നീണ്ട പരിശീലന സെഷനുകൾക്കും ഓഡീഷനുകൾക്കും ഒടുവിലാണ് ജയ്പുരിലെ സീ സ്റ്റുഡിയോസിൽ വച്ച് ഫൈനൽ നടന്നത്. അന്തിമ പോരാട്ടത്തിനു മുന്നോടിയായി സാഷിങ് ചടങ്ങ്, വ്യക്തിത്വം അളക്കുന്ന സ്പീച്ച് റൗണ്ടുകൾ, സ്വിം സ്യൂട്ട് കോമ്പറ്റീഷൻ, ഗാലാ ഈവന്റ് തുടങ്ങി വൈവിധ്യമാർന്ന ഘട്ടങ്ങളിലൂടെയാണ് വിധികർത്താക്കൾ വിജയിയെ തീരുമാനിച്ചത്.

1994ൽ ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം സമ്മാനിച്ച സുസ്മിത സെൻ ആണ് ജൂറിക്ക് നേതൃത്വം നൽകിയത്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2001 വിജയി സെലീന ജെയ്റ്റ്‌ലി, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2015 ഉർവശി റൗട്ടേല എന്നിവരും സമിതിയിൽ അംഗങ്ങളായി. കൂടാതെ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 വിജയി റിയ സിംഗ, ചലച്ചിത്ര നിർമാതാവ് പ്രഗ്യാ കപുർ, സംരംഭക വിഷ ലാധിയ, മിസ് ചാം 2025 ആനി ബ്ലാൻകോ, പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. സ്തുതി ഖാരെ ശുക്ല തുടങ്ങിയവരും ഫൈനൽ മത്സരത്തിനെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button