റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നു; മാൾട്ടയിൽ പ്രതിദിനം ശരാശരി 34 പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതായി റിപ്പോർട്ട്

മാൾട്ടയിലെ റോഡുകളിൽ സർവീസ് നടത്തുന്ന ലൈസൻസുള്ള വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2026-ന്റെ രണ്ടാം പാദത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ 3,086-ന്റെ വർദ്ധനവുണ്ടായതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 34 പുതിയ വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്.
പുതായി ലൈസൻസ് നേടിയ വാഹനങ്ങളിൽ ഭൂരിഭാഗവും പാസഞ്ചർ കാറുകളാണ്—മൊത്തം വാഹനങ്ങളുടെ 58.1 ശതമാനവും ഇവയാണ്. മോട്ടോർ സൈക്കിളുകളും ഇ-ബൈക്കുകളുമാണ് തൊട്ടുപിന്നിൽ (28.6%).
ഇന്ധന അടിസ്ഥാനത്തിലുള്ള തരംതിരിവിൽ, പുതായി ലൈസൻസ് എടുത്ത വാഹനങ്ങളിൽ 58 ശതമാനവും പെട്രോൾ വാഹനങ്ങളാണ്. ഡീസൽ വാഹനങ്ങൾ 33.5 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ 3.9 ശതമാനവും വരും.
തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് ഡിസൽ-ഇലക്ട്രിക് പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണത്തിൽ 9.3 ശതമാനവും, പെട്രോൾ-ഇലക്ട്രിക് മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളിൽ 6 ശതമാനവും വർദ്ധനവുണ്ടായി. കൂടാതെ, പെട്രോൾ-ഇലക്ട്രിക് പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം 5.8 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.



