ഉഷ്ണതരംഗം : ഇംഗ്ലണ്ടിൽ കാട്ടുതീ ജനവാസ മേഖലയിലേക്ക് പടർന്നു

ലണ്ടൻ : കൊടുംചൂടും വരൾച്ചയും തുടരുന്നതിനിടെ മധ്യ ഇംഗ്ലണ്ടിൽ കാട്ടുതീ പടർന്ന് നിരവധി വീടുകൾക്ക് തീപിടിച്ചു. സ്റ്റോർബ്രിഡ്ജ് നഗരത്തിന് സമീപമുണ്ടായ തീപിടിത്തത്തിൽ ആറോളം വീടുകൾ പൂർണമായി കത്തിനശിച്ചു. മേഖലയിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്കും ഒരു കുട്ടിക്കും പരിക്കേറ്റു.
തീപിടിത്തത്തിന് ഒന്നിലധികം കേന്ദ്രങ്ങളുണ്ടായിരുന്നെന്നും നിരവധി വീടുകളിലേക്ക് തീ പടർന്നതായും അധികൃതർ വ്യക്തമാക്കി. ആഴ്ചകളായി തുടരുന്ന ഉയർന്ന താപനിലയും മഴയുടെ ലഭ്യതക്കുറവും കാരണം പ്രദേശം രൂക്ഷമായ വരൾച്ചയിലായിരുന്നു. പുല്ലും കാടും ഉണങ്ങി വരണ്ടു കിടന്നതാണ് തീ വേഗത്തിൽ വീടുകളിലേക്ക് പടരാൻ കാരണമായത്.
വേനൽക്കാലത്ത് രാജ്യമൊട്ടാകെ കാട്ടുതീ ഭീഷണി വർധിച്ച സാഹചര്യത്തിൽ ഡിസ്പോസിബിൾ ബാർബിക്യൂ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിയന്ത്രിക്കാൻ വ്യാപാരികളോട് അധികൃതർ ആവശ്യപ്പെട്ടു.



