അന്തർദേശീയം

ഇന്ത്യയുടെ മുന്നറിയിപ്പ് ലംഘിച്ച് ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു


ന്യൂഡല്‍ഹി: ചൈനയുടെ യുവാന്‍ വാങ് 5 എന്ന ചാരക്കപ്പല്‍ ഹമ്ബന്‍ ടോട്ട തുറമുഖത്തെത്തിയതായി റിപ്പോര്‍ട്ട്. കപ്പലിന് സന്ദര്‍ശനാനുമതി ഒരുകാരണവശാലും നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് നങ്കൂരമിട്ടതോടെ ഇന്ത്യയും അമേരിക്കയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബാലിസ്റ്റിക് മിസൈലും , സാറ്റലൈറ്റ് ട്രാക്കിങ്ങും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയ കപ്പലാണ് ലങ്കന്‍ തീരമണഞ്ഞിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ശ്രീലങ്ക ചൈനീസ് ചാരക്കപ്പലിന് അനുമതി നല്‍കിയിരിക്കുന്നത്.

യുവാന്‍ വാങ് 5 ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനീസ് ആര്‍മിയുടെ സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സാണ് കപ്പലിനെ നിയന്ത്രിക്കുന്നതെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂര പരിധിയും ആഴവും അളക്കാന്‍ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കുമെന്ന് ഇന്ത്യ മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കപ്പലിന്റെ അത്യാധുനിക സംവിധാനങ്ങള്‍ വഴി ചൈനീസ് അന്തര്‍ വാഹിനികള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയും, അമേരിക്കയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ കപ്പലിന്റെ സന്ദര്‍ശനം നീട്ടിവെയ്‌ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കൊളംബോ ചൈനീസ് എംബസി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12ന് പുതിയ ഡേറ്റ് ലഭിക്കുന്നതിനായി ചൈന വീണ്ടും അപേക്ഷ നല്‍കിയിരുന്നു. ഇതിനൊടുവിലാണ് ആഗസ്റ്റ് 22 വരെ തുറമുഖത്ത് അടുപ്പിക്കാനായി കപ്പലിന് അനുമതി നല്‍കിയത്.

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഗവേഷണം നടത്താനുള്ള അനുമതി നല്കിയിട്ടില്ലെന്ന് ലങ്കന്‍ തുറമുഖ അതോറിറ്റി ഇരു രാജ്യങ്ങളോടുമായി വ്യക്തമാക്കി. എന്നാല്‍ ചൈനീസ് ചാരക്കപ്പല്‍ ആസൂത്രിതമായ നീക്കങ്ങള്‍ സമുദ്രാതിര്‍ത്തിയില്‍ നടപ്പിലാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ഗൗരവമേറിയ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രീലങ്കന്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നും നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്താന്‍ പാടുള്ളു എന്ന നിലപാട് ചൂണ്ടിക്കാട്ടി ഇന്ത്യ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഒരുപക്ഷെ ഇന്ത്യ ശ്രീലങ്ക നയതന്ത്ര ബന്ധത്തെ ഇത് ബാധിക്കാന്‍ സാധ്യത ഉണ്ടെന്നും നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button