മുല്ലപ്പെരിയാറിലെ നാല് ഷട്ടറുകൾ കൂടി തുറന്നു; സെക്കന്‍റിൽ 1870 ഘനയടി വെള്ളം പെരിയാറിലേക്ക്
കുമളി: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ നാല് സ്പില്‍വേ ഷട്ടറുകള്‍ (V1, V5, V6 &V10) കൂടി തുറന്നു.
ഉച്ചക്ക് ഒരു മണിക്ക് മൂന്ന് ഷട്ടറുകളും (V2, V3 & V4) വൈകീട്ട് മൂന്നു മണിക്ക് മൂന്നും ഷട്ടറുകളും (V7,V8 & V9) 30 സെന്‍റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയിരുന്നു. ആകെ സെക്കന്‍റില്‍ 1870.00 ഘനയടി ജലമാണ് പുറത്തുവിടുന്നത്. ആകെയുള്ള 13 സ്പില്‍വേ ഷട്ടറുകളില്‍ 10 എണ്ണമാണ് നിലവില്‍ തുറന്നിട്ടുള്ളത്.
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് വൈകീട്ട് മൂന്നു മണിക്ക് മലമ്ബുഴ ഡാമിനെ നാലു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഷട്ടറുകള്‍ അഞ്ച് സെ.മി വീതമാണ് തുറന്നത്. മലമ്ബുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനം നടത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.
പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
തെന്മല പരപ്പാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നിരിക്കുകയാണ്. വെള്ളം കല്ലടയാറ്റിലേക്കാണ് ഒഴുക്കുന്നത്. ഡാമിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ 50 സെന്‍റിമീറ്റര്‍ വരെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. 115.82 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ വെള്ളിയാഴ്ച ഷട്ടറുകള്‍ തുറക്കുമ്ബോള്‍ 109 മീറ്ററോളം വെള്ളമെത്തിയിരുന്നു.
ഡാം വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ മഴ ശക്തമല്ലെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇതുമൂലം കല്ലടയാറ്റില്‍ 90 സെന്‍റി മീറ്റര്‍ വരെ വെള്ളം ഉയരും. ആറിന്‍റ തീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് വിചാരിക്കരുതെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഒറ്റയടിക്കല്ല ഘട്ടം ഘട്ടമായാണ് ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ അനുഭവം ഇനി ഉണ്ടാകില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.