ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : ഒമാൻ തീരത്ത് ‘ജി.എഫ്.എസ് ഗാലക്സി’ എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ ഇതിനോടകം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ഒരു ഇന്ത്യൻ പൗരനെ കാണാതായതായും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഒമാൻ തീരത്തുണ്ടായ ഈ ആക്രമണം അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാരനായുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒമാനിലെ ഇന്ത്യൻ എംബസി അവിടുത്തെ പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രാലയം കുറിച്ചു.
മേഖലയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ ആഗോള വ്യാപാര സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ അടിയന്തരമായി ലഘൂകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിനായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ വേഗത്തിൽ ലക്ഷ്യത്തിലെത്തണം.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടണം. സിവിലിയൻ കപ്പലുകളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



