മാൾട്ടാ വാർത്തകൾ

സെന്റ് തോമസ് ബേ പാർക്കിംഗിന് പണം ഈടാക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

സെന്റ് തോമസ് ബേയിലെ ജനപ്രിയമായ ഫജ്താത്ത (Fajtata) കാർ പാർക്കിംഗിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണം ഈടാക്കിത്തുടങ്ങിയതോടെ വിവാദം ശക്തമായി. വർഷങ്ങളായി പൊതുജനങ്ങൾ സൗജന്യമായി ഉപയോഗിച്ചിരുന്ന സ്ഥലത്തിന് അപ്രതീക്ഷിതമായി ഫീസ് ഈടാക്കിയതാണ് പ്രതിഷേധത്തിന് കാരണം.

പ്രദേശത്തിന്റെ നവീകരണ പദ്ധതിയുടെ ഭാഗമായി ഇൻഫ്രാസ്ട്രക്ചർ മാൾട്ട കാർ പാർക്കിംഗ് സ്ഥലം ടാർ ചെയ്ത് നിരപ്പാക്കിയതിന് പിന്നാലെയാണ് ഈ വിവാദം ഉയർന്നത്.

ജനപ്രിയ ഫേസ്ബുക്ക് ഗ്രൂപ്പായ “Are You Being Served?”-ലാണ് ആദ്യം പരാതികൾ ഉയർന്നത്. പൊതുജനങ്ങൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന ഒരു പൊതുപാർക്കിംഗിന് എന്തുകൊണ്ടാണ് ഇപ്പോൾ പണം നൽകേണ്ടിവരുന്നതെന്ന് നിരവധി പേർ ചോദ്യം ചെയ്തു.

താൻ അടുത്തിടെയാണ് ഈ ഭൂമിയുടെ ദീർഘകാല പാട്ടാവകാശം സ്വന്തമാക്കിയതെന്നും അതിന്റെ നിയമപരമായ അവകാശപ്രകാരം പ്രവർത്തിക്കുകയാണെന്നും സ്ഥലത്തിന്റെ ഓപ്പറേറ്ററായ ജോസഫ് അറ്റാർഡ് വ്യക്തമാക്കി.

ഈ സ്ഥലം പൊതുജനങ്ങൾ വർഷങ്ങളായി ഉപയോഗിച്ചിരുന്നെങ്കിലും, അത് ഒരിക്കലും പൊതുസ്വത്തായിരുന്നില്ലെന്നും സ്വകാര്യ ഭൂമിയായിരുന്നുവെന്നും അറ്റാർഡ് പറഞ്ഞു.

മൂന്ന് വർഷം മുമ്പ് ഭൂമി വാങ്ങുന്നതിനുള്ള പ്രാഥമിക കരാർ (Promise of Sale) ഒപ്പുവെച്ചതായും, രണ്ട് മാസം മുമ്പാണ് അന്തിമ കരാർ പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഏകദേശം 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്തിന് 120 വർഷത്തെ പാട്ടാവകാശം ലഭിച്ചു. മുമ്പ് ഈ ഭൂമി ഒരു കൃസ്ത്യൻ സന്യാസിനി മഠത്തിൻറെ 150 വർഷത്തെ പാട്ടത്തിലായിരുന്നു. താൻ വിദേശത്തായിരുന്ന സമയത്താണ് ഇൻഫ്രാസ്ട്രക്ചർ മാൾട്ട തന്റെ അനുമതിയില്ലാതെ പാർക്കിംഗ് സ്ഥലം ടാർ ചെയ്തതെന്ന് അറ്റാർഡ് ആരോപിച്ചു.

“ഇത് കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല,” അദ്ദേഹം പറഞ്ഞു.

2025 ജൂലൈയിൽ പാർക്കിംഗ് സ്ഥലം ചങ്ങല ഉപയോഗിച്ച് അടച്ചതായും തുടർന്ന് മാഴ്സസ്കാല മേയർ മാരിയോ കല്ലേജ മുഖേന മന്ത്രി ക്രിസ് ബോണറ്റ് ഇടപെട്ട് പൊതുജനങ്ങൾക്ക് സ്ഥലം തുറന്നുകൊടുക്കാൻ ധാരണയിലെത്താൻ ശ്രമിച്ചതായും അറ്റാർഡ് വ്യക്തമാക്കി.

സ്ഥലം സ്വകാര്യസ്വത്താണെന്ന് പ്രാദേശിക കൗൺസിലിനെ അറിയിച്ചിരുന്നുവെന്നും അതുസൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

പാർക്കിംഗിന് സമീപമുള്ള ഒരു പഴയ കെട്ടിടം തകർച്ചാഭീഷണി നേരിടുന്നതിനാൽ സുരക്ഷാ മതിലും സംരക്ഷണ വലയും സ്ഥാപിക്കാൻ പ്ലാനിംഗ് അതോറിറ്റിയുടെ അനുമതി തേടിയിരുന്നുവെന്ന് അറ്റാർഡ് പറഞ്ഞു. എന്നാൽ മതിൽ നിർമിക്കാൻ അനുമതി നിഷേധിച്ച അധികൃതർ സുരക്ഷാ വല സ്ഥാപിക്കാൻ മാത്രമാണ് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടത്തിന്റെ ഭാഗങ്ങൾ ഏത് സമയത്തും തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും, ഇതുസംബന്ധിച്ച ചിത്രങ്ങളും സന്നദ്ധ പ്രവർത്തകരുടെ രേഖകളും തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

“പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കാൻ എനിക്ക് കഴിയില്ല. നിലവിലെ സാഹചര്യം കാരണം ഇൻഷുറൻസ് കമ്പനികൾ പോലും ഇൻഷുറൻസ് നൽകാൻ തയ്യാറാകില്ല,” അറ്റാർഡ് പറഞ്ഞു.

അതേസമയം, പ്രശ്നപരിഹാരത്തിനായി സർക്കാരുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ, പാർക്കിംഗ് സ്ഥലം പൊതുജനങ്ങൾക്ക് സൗജന്യമായി തന്നെ തുടരണമെന്ന് മന്ത്രി ക്രിസ് ബോണറ്റ് വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, മേയർ മാരിയോ കല്ലേജയുമായി സംസാരിച്ചതായും പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയവരുമായി അദ്ദേഹം ബന്ധപ്പെടുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

“ഫജ്താത്ത കാർ പാർക്കിംഗ് മുമ്പും സൗജന്യമായിരുന്നു, ഇപ്പോഴും സൗജന്യമാണ്, ഇനിയും സൗജന്യമായി തന്നെ തുടരേണ്ടതാണ്,” എന്ന് മന്ത്രി വ്യക്തമാക്കി.

ഫജ്താത്ത പ്രദേശത്തെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച കഴിഞ്ഞ വർഷം തന്നെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള (Expropriation) നടപടികൾ ഇൻഫ്രാസ്ട്രക്ചർ മാൾട്ടയും മന്ത്രാലയവും ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാഴ്സസ്കാലയിലെ ഫജ്താത്ത, റംല തുടങ്ങിയ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ മുഴുവൻ പൊതുജനങ്ങളുടെ പ്രയോജനത്തിനായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതികരിച്ച ഇൻഫ്രാസ്ട്രക്ചർ മാൾട്ട, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു.

“ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ഈ സ്ഥലം സുരക്ഷിതമായും തടസ്സമില്ലാതെയും ഉപയോഗിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,” എന്ന് ഇൻഫ്രാസ്ട്രക്ചർ മാൾട്ട പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button