ഉഷ്ണതരംഗം രൂക്ഷം: സ്വാതന്ത്ര്യദിന പരേഡും ആഘോഷങ്ങളും റദ്ദാക്കി യുഎസ്

വാഷിംങ്ടൺ ഡിസി : കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ജൂലൈ നാലിന് നടത്താനിരുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസപ്പെട്ടു. രാജ്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടൺ ഡിസിയിൽ നടത്താനിരുന്ന പ്രധാന പരേഡും മേളയും കടുത്ത ചൂട് കാരണം താൽക്കാലികമായി റദ്ദാക്കി. മേളയ്ക്കെത്തിയ നിരവധി ആളുകൾക്ക് ചൂട് കാരണം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി.
അമേരിക്കയുടെ കിഴക്കൻ തീരങ്ങളിലും മിഡ്വെസ്റ്റ് മേഖലകളിലുമായി 16.5 കോടിയിലധികം ജനങ്ങളാണ് നിലവിൽ റെക്കോഡ് ചൂടിൽ വലയുന്നത്. രാജ്യവ്യാപകമായി കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് അറിയിച്ചു. രാജ്യത്തിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളും, വിവിധ നഗരങ്ങളിലായി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളും നടക്കുന്നതിനിടയിലാണ് രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങിയത്.
സാധാരണയായി പരേഡുകളും കായലോരങ്ങളിലെ ആഘോഷങ്ങളുമായി പുറത്താണ് അമേരിക്കക്കാർ ഈ ദിവസം ചെലവഴിക്കാറുള്ളത്. എന്നാൽ ഇത്തവണ ന്യൂജേഴ്സി, പെൻസിൽവാനിയ, മേരിലാൻഡ്, കൊളറാഡോ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.
ഫിലാഡൽഫിയയിൽ നടത്താനിരുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യദിന പരേഡുകളിൽ ഒന്നായ ‘സല്യൂട്ട് ടു ഇൻഡിപെൻഡൻസ്’ പരേഡും ചൂട് മൂലം റദ്ദാക്കി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് സംഘാടകർ വ്യക്തമാക്കി. വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന മേളയിൽ കടുത്ത ചൂട് കാരണം നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾ മേള നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് വൈകുന്നേരത്തോടെയാണ് വീണ്ടും തുറന്നത്. എ കാപ്പിറ്റോൾ ഫോർത്ത് സംഗീത പരിപാടിയുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തി.
അതേസമയം, കടുത്ത ചൂട് തുടരുമ്പോഴും ശനിയാഴ്ച നടക്കുന്ന പ്രധാന സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുറത്തുതന്നെ സംസാരിക്കുമെന്നാണ് റിപ്പോർട്ട്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തനിക്ക് സാധിക്കുമെന്ന് തെളിയിക്കാൻ ദീർഘനേരം പ്രസംഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.



