അന്തർദേശീയം

പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്, ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കി ഇറാന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ ആക്രമണം. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു.

ബുധനാഴ്ച സിറിക്, മിനാബ് ഉള്‍പ്പെടെയുള്ള ഇറാന്റെ വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം നേരിടുന്നതിനായി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചതോടെ പലയിടങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി ഇറാനിയന്‍ മാധ്യമങ്ങളും പ്രാദേശിക വൃത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കില്‍ ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യമിടാനും സൈനിക നടപടികള്‍ ശക്തമാക്കാനും അമേരിക്ക തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായത്. ഇറാന്റെ അകാരണവും തുടര്‍ച്ചയായതുമായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ നടപടിയെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

യുഎസ് ആക്രമണത്തിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതിനെയും തടയുമെന്നും ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടുമെന്നും കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ യുഎസ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. മേഖലയിലെ വിവിധ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം നടത്തിയതോടെ, യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാഴാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിന് ഇറാന്‍ വില നല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്ന ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഇറാന്റെ ആക്രമണം നേരിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്, ഈ ആഴ്ചയില്‍ മൂന്നാം തവണയാണ് ഇരുപക്ഷവും തമ്മില്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച ഇസ്രയേലും ഇറാനും പരസ്പരം ആക്രമിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button