യുക്രൈയ്നിൽ റഷ്യയുടെ അതിശക്തമായ മിസൈൽ ആക്രമണം; 10 മരണം

കീവ് : യുക്രൈനിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തലസ്ഥാനമായ കീവിൽ നാലും ഡിനിപ്രോയിൽ ആറും പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 700-ലധികം മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായും ഇതിൽ 642 എണ്ണം തങ്ങൾ വെടിവെച്ചിട്ടതായും യുക്രൈൻ വ്യോമസേന അറിയിച്ചു.
ആക്രമണത്തിൽ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾ തകർന്നതായും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ഗ്യാസ് സ്റ്റേഷനുകൾക്കും നിർമാണ മേഖലകൾക്കും സമീപം തീപിടുത്തമുണ്ടായതായും പലയിടത്തും വൈദ്യുതി ബന്ധം നിലച്ചതായും റിപ്പോർട്ടുകളുണ്ട്. കീവിൽ മാത്രം 51 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
തെക്കൻ നഗരമായ സപ്പോറീഷ്യയിലെ ഒരു വ്യവസായ ശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. റഷ്യൻ സൈന്യം കീവിലെ തന്ത്രപ്രധാനമായ ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിങ്കളാഴ്ച രാത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പലരും ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചിരുന്നു.
യുക്രൈൻ നിയന്ത്രണത്തിലുള്ള റഷ്യൻ മേഖലയിലെ വിദ്യാർഥി ഹോസ്റ്റലിന് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് റഷ്യയുടെ വാദം. മിസൈൽ ആക്രമണം വിജയകരമായിരുന്നുവെന്നും ആക്രമണങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം, റഷ്യയിലെ ക്രാസ്നോദർ ക്രാ മേഖലയിലുള്ള ഇൽസ്കി എണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായിയിട്ടുണ്ട്.



