യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ
യൂറോപ്യന്‍ യൂനിയന്റെ പൊതുകറന്‍സിയായ യൂറോ, ബുധനാഴ്ച 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ടു.
ഇന്ന് ഗ്രീനിച്ച്സമയം 12:45ന് വിദേശ വിനിമയ വിപണിയില്‍ ഒരു യൂറോക്ക് 0.998 ഡോളറിനാണ് വിനിമയം നടന്നത്. ഒരു ദിവസത്തെ ട്രേഡിംഗില്‍ 0.4 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.
റഷ്യ യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിന്റെ തുടര്‍ച്ചയായാണ് യൂറോയുടെ മൂല്യമിടിഞ്ഞത്. യൂറോപ്പിന്റെ ഊര്‍ജ വിതരണത്തില്‍ റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന ഭയം യൂറോ മേഖലയില്‍ മാന്ദ്യത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
1999-ല്‍ യൂറോ കറന്‍സി പുറത്തിറക്കിയ കാലത്ത് ഡോളറിന് താഴെയായിരുന്നു മൂല്യം. എന്നാല്‍ 2002 ഓടെ നില മെച്ചപ്പെടുത്തി. അവസാനമായി ഡോളറിന് താഴെ വ്യാപാരം നടന്നത് 2002 ഡിസംബറിലാണ്. ഏതാനും നാളുകളായി ദുര്‍ബലമാകുന്നതിന്റെ ലക്ഷണം കാണിച്ചിരുന്നു. 2008 ജൂണില്‍ ഒരു യൂറോയുടെ മൂല്യം 1.57 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു യൂറോയുടെ വില 1.20 ഡോളറും ഈ വര്‍ഷം തുടക്കത്തില്‍ 1.13 ഡോളറുമായിരുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ ഡോളറിനെതിരെ യൂറോ ഏകദേശം 12% ഇടിഞ്ഞു. ഇന്നലെ ഒരു യൂറോ ഒരു ഡോളറിനു തുല്യമായി. നിലവില്‍ 80.38 രൂപയാണ് ഒരു യൂറോയുടെ മൂല്യം.
മൂല്യമിടിയുന്നത് ജര്‍മന്‍ ഉപഭോക്താക്കള്‍ക്കും കയറ്റുമതി കമ്ബനികള്‍ക്കും വന്‍ നഷ്ടം വരുത്തിവെക്കും. ഡോളറുമായുള്ള വിനിമയത്തില്‍ ഇനിയും യൂറോ താഴേക്കു പോകുമോ എന്ന ആശങ്കയിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്.