അന്തർദേശീയം

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; കുട്ടികളടക്കം 21 മരണം

ബെയ്റൂത്ത്‌ : ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 21 പേർ കൊല്ലപ്പെട്ടു. യുഎസ് മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടാൻ ധാരണയായി ആഴ്ചയൊന്ന് തികയും മുൻപാണ് ആക്രമണം.

ദേർ ഖാനൂൻ അൽ-നഹർ പ്രദേശത്തെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കുടുംബാംഗങ്ങളായ11 പേരും സിറിയൻ പൗരനുമടക്കം 12 പേർ കൊല്ലപ്പെട്ടു. നബാത്തിയ, ടയർ ജില്ലകളിൽ നടന്ന ആക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയുടെ ആയുധ സംഭരണശാല ഉൾപ്പെടെ 25 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. ഹിസ്ബുള്ളയുടെ പ്രത്യാക്രമണത്തിൽ ഡെപ്യൂട്ടി കമ്പനി കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ലെബനനിൽ ഇസ്രയേലും വെടിനിർത്തൽ 45 ദിവസം കൂടി നീട്ടിയതായി യുഎസ് പറഞ്ഞത്. എന്നാൽ ഇതിന് ഒരു ആഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ആക്രമണം. ലെബനന്റെ തെക്കൻ പ്രദേശങ്ങളിലാണ് ആക്രമണം വ്യാപകമായത്. ഹിസ്ബുള്ളയെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ വാദിക്കുന്നുണ്ടെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button