പുടിൻ- ഷി ജിന്‍പിങ് നിര്‍ണായക ബീജിങ് കൂടിക്കാഴ്ച ഇന്ന്

ബീജിങ് : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന് ചൈനയിലെത്തിയത്.
ഇറാന് സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ നിയന്ത്രണങ്ങള്‍, യുക്രൈന് യുദ്ധം തുടങ്ങിയ ആഗോള രാഷ്ട്രീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയാകും. കൂടാതെ ഊര്‍ജ സുരക്ഷ, പുതിയ സൈബീരിയന്‍ ഗ്യാസ് പൈപ്പ്ലൈന് പദ്ധതി എന്നിവയുള്‍പ്പെടെയുള്ള നാല്‍പ്പതോളം പുതിയ ഉഭയകക്ഷി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ ചൈനീസ് പര്യടനം എന്നതുകൊണ്ട് തന്നെ ഇതിന് വലിയ അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഈ സന്ദര്‍ശനം. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ ഈ കൂടിക്കാഴ്ച വഴിതുറക്കും.



