അന്തർദേശീയം

ട്രംപിനെയും നെതന്യാഹുവിനേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനൊരുങ്ങി ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനൊരുങ്ങി ഇറാന്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് വിവാദ നിര്‍ദേശം പുറത്തുവന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനിക, സുരക്ഷാ സേനകളുടെ എതിര്‍ നടപടി’ എന്ന പേരില്‍ ഒരു ബില്‍ തയ്യാറാക്കി വരികയാണെന്ന് ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതിയുടെ ചെയര്‍മാന്‍ ഇബ്രാഹിം അസീസി പ്രഖ്യാപിച്ചു. ബില്‍ പ്രകാരം ടംപിനെയോ നെതന്യാഹുവിനേയോ വധിക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ 50 മില്യണ്‍ യൂറോ (ഏകദേശം 560 കോടി ഇന്ത്യന്‍ രൂപ) നല്‍കുമെന്ന് ഇറാന്‍ വയര്‍, ദി ടെലിഗ്രാഫ് യുകെ എന്നീ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി 28ന് ടെഹ്‌റാനില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമേനി കൊല്ലപ്പെട്ടതിനെതിരായ നടപടിയായാണ് ഇറാന്‍ പുതിയ ബില്‍ പരിഗണിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ട്രംപിനും നെതന്യാഹുവിനും പങ്കുണ്ടെന്നാണ് ഇറാന്റെ ആരോപണം.

ട്രംപ്, നെതന്യാഹു, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ എന്നിവരെ ലക്ഷ്യമിട്ട് നടപടികള്‍ വേണമെന്ന് അസിസി ആവശ്യപ്പെട്ടതായി ഇറാന്‍ വയര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അവരെ നരകത്തിലേക്ക് അയക്കുന്നവര്‍ക്ക് വമ്പിച്ച പാരിതോഷികം നല്‍കുമെന്ന പരാമര്‍ശവും വിവാദമായിരിക്കുകയാണ്.

ഇതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്. ഇറാനെതിരെ കൂടുതല്‍ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇത്തരം ഭീഷണികളും കടുത്ത പ്രസ്താവനകളും പ്രതിസന്ധി വഷളാക്കുകയാണെന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button