അന്തർദേശീയം

റഷ്യ-യുക്രൈൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ : ട്രംപ്

വാഷിങ്ടൺ ഡിസി : റഷ്യ-യുക്രൈൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്‍റെ പങ്കിനെ കുറിച്ച് റഷ്യ സ്മരിക്കുന്ന വിജയദിനത്തിന്‍റെ ഭാഗമായാണ് വെടിനിർത്തലെന്ന് ട്രംപ് പ്രസ്താവിച്ചു. മെയ് 9, 10,11 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഞാൻ വളരെ സന്തോഷവാനാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യൻ വിജയദിനത്തെ സ്മരിക്കുന്നതിന്‍റെ ഭാഗമായാണ് വെടിനിർത്തൽ. രണ്ടാം ലോകയുദ്ധത്തിൽ യുക്രൈനും നിർണായക ഘടകമായിരുന്നല്ലോ’. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

‘മേഖലയിൽ സമാധാനശ്രമങ്ങൾക്ക് വിഘാതം നിൽക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുന്ന തരത്തിലാണ് ഈ വെടിനിർത്തൽ. ഇരുരാജ്യങ്ങളും ബന്ദികളാക്കിവെച്ച 1,000 പേരെ പരസ്പരം കൈമാറും. മധ്യസ്ഥനാകാമോയെന്ന അഭ്യർത്ഥന മുന്നിലെത്തിയപാടെ വല്ലാത്ത സന്തോഷം തോന്നി. ഇടനിലക്കാരനായി തെരഞ്ഞെടുത്തതിൽ പ്രസിഡന്‍റുമാരായ വ്ലാഡിമിർ പുടിനോടും സെലൻസ്കിയോടും നന്ദിയുണ്ട്. ഭീകരമായ ഒരു യുദ്ധം അവസാനിക്കുന്നതിന്‍റെ തുടക്കമാണിതെന്നാണ് തോന്നുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഏറ്റവും മാരകമായ ഈ യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള സംസാരങ്ങൾ നടക്കുന്നുണ്ട്. ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കും’. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വൈറ്റ് ഹൗസിൽ വെച്ചുനടന്ന അത്താഴവിരുന്നിനിടെ ട്രംപ് നടത്തിയ പ്രസ്താവന പ്രഖ്യാപനത്തിന് കൂടുതൽ കരുത്ത് പകരുകയും ചെയ്തു. ‘ഞാൻ അവരോട് ആവശ്യപ്പെട്ടുടൻ പുടിനും സെലൻസ്കിയും അംഗീകരിക്കുകയായിരുന്നു. രണ്ടുപേരും ഉടൻ തയ്യാറായി. എന്തായാലും, കിട്ടിയ സമയം കൊണ്ട് പരസ്പരം ആയുധമെടുക്കാത്ത ഈ നല്ല സമയങ്ങൾക്ക് സാക്ഷിയാകാം.’ ട്രംപ് കൂട്ടിച്ചേർത്തു.

മൂന്ന് ദിവസത്തെ വെടിനിർത്തലിനിടെ കരാർ ലംഘിക്കുന്ന നടപടികളുണ്ടാകില്ലെന്നും ഇരുരാജ്യങ്ങളും 1000 ബന്ദികളെ പരസ്പരം കൈമാറുമെന്നുമാണ് വിവരം. വെള്ളി, ശനി ദിവസങ്ങളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരാമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള യുദ്ധത്തിൽ യുക്രൈൻ പ്രതിരോധമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഏകദേശം 13 ലക്ഷത്തിലധികം സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട് പ്രകാരം പത്ത് ലക്ഷത്തോളം പേർക്ക് നാശ നഷ്ടം സംഭവിച്ചതായാണ് വിവരം. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം യുക്രൈനിൽ ഇതുവരെ കുറഞ്ഞത് 15,500-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കും.

ഈ വർഷത്തിന്‍റെ തുടക്കത്തിൽ മാത്രം യുക്രൈനിൽ 550-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായും 2,700-ലധികം പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിങ് മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button