യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുകെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തിരിച്ചടി; തീവ്ര വലതുപക്ഷമായ റിഫോം യുകെക്ക് വൻ മുന്നേറ്റം

ലണ്ടൻ : ബ്രിട്ടണിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തിരിച്ചടി. തീവ്ര വലതുപക്ഷമായ റിഫോം യുകെ വൻ മുന്നേറ്റം നടത്തിയപ്പോൾ, പ്രധാനമന്ത്രി കെയർ സ്റ്റാമറിന്‍റെ ശക്തി കേന്ദ്രങ്ങളിൽ പോലും ലേബർ പാർട്ടി കനത്ത തിരിച്ചടിയാണ് നേരിട്ടത്. റിഫോം യുകെ 1444 സീറ്റുകളും ലേബർ പാർട്ടി 997 സീറ്റുകളും നേടി. 136 കൗൺസിലുകളിലായി 5,000 സീറ്റുകളിലാണ് മത്സരം നടന്നത്.

യുകെയിലെ സ്കോട്ട്ലാൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടങ്ങളിലും ലേബർ പാർട്ടി ചിത്രത്തിൽ നിന്നുതന്നെ അടർത്തിമാറ്റപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. 27 വർഷമായി വെയിൽസ് ഭരിച്ചുകൊണ്ടിരിക്കുകയായിരുന്ന ലേബർ പാർട്ടി അമ്പേ പരാജയപ്പെട്ടതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. കേന്ദ്രസർക്കാരിന്‍റെ സമീപകാലങ്ങളിലെ നയങ്ങളും നിലപാടുകളുമാണ് ലേബർ പാർട്ടിയുടെ കനത്ത പരാജയത്തിന് കാരണമെന്ന തരത്തിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.

കൂടാതെ, രാജ്യത്തുടനീളം ലേബർ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്ന കെയർ സ്റ്റാമർ രാജിവെക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയരുന്ന ഘട്ടങ്ങളിലെല്ലാം ജനാധിപത്യപരമായി സ്ഥാനമൊഴിയുന്ന കാഴ്ചയാണ് യുകെയിൽ സാധാരണയായി കണ്ടുവരാറുള്ളത്. ബ്രക്സിറ്റുമായി ബന്ധപ്പെട്ടുള്ള മുൻകാലങ്ങളിലെ തർക്കങ്ങളിൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നുപോയ പ്രധാനമന്ത്രിമാർ അതിനുദാഹരണം. അതുകൊണ്ട് തന്നെ പ്രാദേശിക തെരഞ്ഞെടുപ്പിനേക്കാളുപരി കെയർ സ്റ്റാർമറുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിലാണ് ലോകം യുകെയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

കെയർ സ്റ്റാമറല്ല, മറിച്ച് നയങ്ങളാണ് മാറേണ്ടതെന്ന നിലപാടിലാണ് പാർട്ടിയിലെ ഭൂരിഭാഗം എംപിമാരും. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് എത്രയും വേഗം സ്റ്റാമർ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവരും പാർട്ടിയിലുണ്ട്. ഇതിന് പുറമെ, തീവ്ര വലതുപക്ഷമായ റിഫോം പാർട്ടി തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ ഭൂരിപക്ഷം നേടിയതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാർക്കെതിരെയും മുസ്‌ലിംകൾക്കെതിരെയും തീവ്ര നിലപാടുകൾ സ്വീകരിക്കാറുള്ള റിഫോം പാർട്ടിയുടെ മുന്നേറ്റം യുകെയുടെ ഭാവിയിൽ നിർണായസാന്നിധ്യമാകുമോയെന്ന കാര്യവും ഉറ്റുനോക്കുകയാണ് ലോകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button