ആടിയുലഞ്ഞ് ബോറിസ് സർക്കാർ, ബ്രിട്ടനിൽ മൂന്നു മന്ത്രിമാർ കൂടി രാജിവെച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി തുടരുന്നു. ശിശു-കുടുംബക്ഷേമ മന്ത്രി വില്‍ ക്വിന്‍സ്, ഗതാഗത മന്ത്രി ലൗറ ട്രോട്ട് എന്നിവരാണ് രാജിവച്ചത്.
സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായതിനാല്‍ രാജിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് വില്‍ ക്വിന്‍സും ലൗറ ട്രോട്ടും പ്രതികരിച്ചു. അതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ സഹമന്ത്രിയായ റോബിന്‍ വാള്‍കറും രാജി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടതായി റോബിന്‍ വാള്‍കര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രധാനനേതാവായ ഇദ്ദേഹത്തിന്റെ പിതാവ് പീറ്റര്‍ വാള്‍കര്‍ മാര്‍ഗരറ്റ് താച്ചര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
ബ്രിട്ടനെ നയിക്കാന്‍ കെല്‍പുള്ള ഒരാളാണ് ബോറിസ് ജോണ്‍സണ്‍ എന്നായിരുന്നു ധാരണ. എന്നാല്‍ ബോറിസ് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി വന്‍ അബദ്ധങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും റോബിന്‍ വിമര്‍ശിച്ചു. മന്ത്രിമാരുടെ കൂട്ടരാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മറ്റ് എം.പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. നേത്തേ ധനമന്ത്രി ഇന്ത്യന്‍ വംശജന്‍ റിഷി സുനകും ആരോഗ്യ മന്ത്രിയായ പാക് വംശജന്‍ സാജിദ് ജാവിദും രാജിവെച്ചിരുന്നു. സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ റിഷി സുനക് രാജിക്കത്ത് നല്‍കി.
ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിച്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ ബോറിസ് ജോണ്‍സന്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി. ലൈംഗിക ആരോപണങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതും ഉള്‍പ്പെടെ വിവാദങ്ങള്‍ ഉലയ്ക്കുന്ന ബോറിസ് മന്ത്രിസഭയെ കൂടുതല്‍ അപകടത്തിലാക്കുന്നതാണ് മന്ത്രിമാരുടെ രാജി. സര്‍ക്കാര്‍ കാര്യക്ഷമതയോടെയും ഗൗരവത്തോടെയും മുന്നോട്ടു പോകണമെന്നാണു പൊതുജനം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഈ രീതിയില്‍ തുടരാനാകില്ലെന്നും ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു. ദേശീയ താല്‍പര്യത്തോടെ നയിക്കാനുള്ള ബോറിസ് ജോണ്‍സന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടതാണു രാജിക്കു കാരണമെന്നു സാജിദ് ജാവിദ് അറിയിച്ചു.